| Saturday, 15th August 2020, 2:40 pm

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചു; ഓഗസ്റ്റ് അവസാനത്തോടെ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യ കണ്ടു പിടിച്ച കൊവിഡ് വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്‌സിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞുവെന്നും ഈ മാസം അവസാനത്തോടെ പുറത്തെത്തിക്കുമെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു.

നേരത്തെ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തതായും തന്റെ മകള്‍ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ എടുത്തതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞിരുന്നു.

ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യന്‍ ഉപ പ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ഓഗസ്റ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. അതേസമയം റഷ്യയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണ ഘട്ടം പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ടോ എന്നതില്‍ ആഗോള തലത്തില്‍ ആശങ്കയുണ്ട്. വാക്സിന്‍ ഫലിച്ചില്ലെങ്കില്‍ വൈറസ് ബാധയുടെ തീവ്രത വര്‍ധിച്ചേക്കുമെന്ന് നേരത്തെ ചില ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പങ്കാളികളായവരുടെ അവസാന ഘട്ട പരിശോധന ഓഗസ്റ്റ് മൂന്നിന് നടന്നിരുന്നു. പരിശോധനയില്‍ വാക്സിന്‍ കുത്തിവെച്ചവരെല്ലാം പ്രതിരോധ ശേഷി കൈവരിച്ചു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാക്സിന്‍ പുറത്തിറക്കാന്‍ തീരുമാനിച്ചത്.

അതേസമയം റഷ്യയുടെ കൊവിഡ് വാക്സിനില്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. റഷ്യയിലെ ആരോഗ്യവിദഗ്ധരുമായി ഇത് സംബന്ധിച്ച് നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനാ വക്താവ് തരീക് ജാസര്‍വിച്ച് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russia starts production of covid vaccine

Latest Stories

We use cookies to give you the best possible experience. Learn more