World News
ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയേറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചില്ല, അന്റോണിയോ ഗുട്ടെറസിനെ വിമർശിച്ച് മോസ്കോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 02, 04:29 am
Sunday, 2nd February 2025, 9:59 am

മോസ്കോ: ജർമനിയെ പരാജയപ്പെടുത്തിയതിൽ സോവിയറ്റ് യൂണിയന്റെ പങ്കിനെക്കുറിച്ച് പരാമർശിക്കാത്ത യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പരാമർശത്തെ അപലപിച്ച് മോസ്കോ. ഓഷ്വിറ്റ്സിലെ അന്തേവാസികളെ മോചിപ്പിക്കുന്നതിൽ റെഡ് ആർമിയുടെ പങ്കിനെക്കുറിച്ചും അന്റോണിയോ ഗുട്ടറാസ് പരാമർശിച്ചില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വിമർശിച്ചു.

തടങ്കൽപ്പാളയത്തിന്റെ വിമോചന വാർഷികത്തോടനുബന്ധിച്ച് ഗുട്ടെറസ് നടത്തിയ പ്രസംഗത്തിലാണ് സോവിയേറ്റ് യൂണിയന്റെ സംഭവനകളെക്കുറിച്ച് പരാമർശിക്കാതിരുന്നത്.

1945-ൽ റെഡ് ആർമി ഓഷ്വിറ്റ്സിനെ മോചിപ്പിച്ചതിൻ്റെ ബഹുമാനാർത്ഥമാണ് ഹോളോകോസ്റ്റ് ഇരകളുടെ സ്മരണയ്ക്കായുള്ള അന്താരാഷ്ട്ര അനുസ്മരണ ദിനം, ജനുവരി 27ന് ആചരിച്ച് വരുന്നതെന്ന് സഖരോവ പറഞ്ഞു.

തെക്കൻ പോളണ്ടിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ നാസി തടങ്കൽ പാളയത്തിൽ വെച്ച് രണ്ടാം ലോകമഹായുദ്ധത്തിൽ, ഒരു ദശലക്ഷത്തിലധികം ജൂതന്മാർ കൊല്ലപ്പെട്ടു. വിമോചകരായ സൈനികരുടെ നേട്ടം അനശ്വരമാണ്. അതിൻ്റെ പ്രാധാന്യം കുറച്ചുകാണാനോ അവഗണിക്കാനോ ആർക്കും അവകാശമില്ല, ‘ സഖരോവ പറഞ്ഞു.

തിങ്കളാഴ്ച യു.എൻ ജനറൽ അസംബ്ലിയുടെ അനുസ്മരണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ, വംശഹത്യയ്ക്കിടെ കൊല്ലപ്പെട്ട ആറ് ദശലക്ഷം ജൂതന്മാരെ ഗുട്ടെറസ് ആദരിക്കുകയും വർധിച്ചുവരുന്ന യഹൂദവിരുദ്ധതയുടെ അപകടങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു. . ‘നമ്മൾ ഈ പ്രകോപനങ്ങൾക്കെതിരെ നിലകൊള്ളണം. നാം വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും നുണകളെ ചെറുക്കുകയും സത്യം പറയുകയും വേണം,’ അദ്ദേഹം ആഹ്വാനം ചെയ്തു.

പക്ഷെ , രണ്ടാം ലോകമഹായുദ്ധത്തിലെ സോവിയറ്റ് യൂണിയൻ്റെ പങ്കിനെക്കുറിച്ച് അദ്ദേഹത്തിൻ്റെ പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചില്ല.

ജൂതന്മാർ, റോമക്കാർ , വികലാംഗർ, LGBTQ+ വ്യക്തികൾ, അടിമകളാക്കി പീഡിപ്പിക്കപ്പെട്ട നിരവധി പേർ ,വംശഹത്യക്കിരയായവർ ഉൾപ്പെടെയുള്ള നാസി കുറ്റകൃത്യങ്ങൾക്ക് ഇരയായവരുടെ പട്ടിക ഗുട്ടറസ് പറഞ്ഞപ്പോഴും അതിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും സഖരോവ പറഞ്ഞു.

‘വിജയം ഉറപ്പാക്കുന്നതിൽ റെഡ് ആർമിയുടെയും സോവിയറ്റ് യൂണിയൻ്റെ ജനങ്ങളുടെയും പങ്ക് താഴ്ത്തിക്കാണിക്കുകയോ പൂർണ്ണമായും നിഷേധിക്കുകയോ ചെയ്യാൻ വേണ്ടിയാണ് ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നത്,’ അദ്ദേഹം വിശദീകരിച്ചു.

ജനുവരിയിൽ, ഹോളോകോസ്റ്റിൻ്റെ ഇരകളുടെ അന്താരാഷ്ട്ര സ്മരണ ദിനം അനുസ്മരിക്കുന്നതിനും ഓഷ്വിറ്റ്സിനെ മോചിപ്പിച്ച റെഡ് ആർമി സൈനികരെ ആദരിക്കുന്നതിനുമായി റഷ്യയിൽ നിരവധി പരിപാടികൾ നടന്നിരുന്നു.

കണക്കുകൾ പ്രകാരം, രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് യൂണിയന് ഏകദേശം 26.6 ദശലക്ഷം ജനങ്ങളെ നഷ്ടപ്പെട്ടു. അതിൽ സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടുന്നു. യുദ്ധത്തിൽ ഒരു രാജ്യം നേരിട്ട ഏറ്റവും വലിയ മരണ സംഖ്യയാണിത്.

 

Content Highlight: Russia slams UN chief over Holocaust remarks