| Wednesday, 15th August 2012, 9:00 am

ഇറാനെതിരായ ഉപരോധം: യു.എസ് നടപടി തരംതാഴ്ന്ന ബ്ലാക്ക്‌മെയിലിങ്ങെന്ന് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഇറാനെതിരായ യു.എസ് ഉപരോധം ശക്തമാക്കിയ അമേരിക്കന്‍ നടപടിയ്‌ക്കെതിരെ റഷ്യ രംഗത്ത്. യു.എസ് നടപടിയെ ശക്തമായി വിമര്‍ശിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. തരംതാഴ്ന്ന ബ്ലാക്ക് മെയിലിങ് എന്നാണ് റഷ്യ ഇതിനെ വിശേഷിപ്പിച്ചത്. []

ഇത് റഷ്യന്‍ കമ്പനികളെ ബാധിക്കുകയാണെങ്കില്‍ വാഷിങ്ടണും മോസ്‌കോയും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. യു.എസ്, റഷ്യ നയതന്ത്രബന്ധത്തെ ഉലക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും അമേരിക്ക പിന്മാറണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ വക്താവ് മരിയ സഖറോവ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ഇറാന്റെ, ഊര്‍ജ എണ്ണ മേഖലകളെ ലക്ഷ്യമിട്ട് ആഗസ്റ്റ് ഒന്നിനാണ് അമേരിക്ക പുതിയ ഉപരോധം പാസാക്കിയത്. ഈ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രയവിക്രിയങ്ങള്‍ക്കാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.

ആദ്യമായാണ് ഇറാന്റെ എണ്ണ, ഊര്‍ജ, കയറ്റുമതി സംബന്ധമായ പണമിടപാടുകള്‍ തുടങ്ങിയ മേഖലകളെ ഉന്നംവെച്ച് അമേരിക്ക പുതിയ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച ഉത്തരവിന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു.

നാഷണല്‍ ഇറാനിയന്‍ ഓയില്‍ കമ്പനി, നാഫ്തിറാന്‍ ഇന്റര്‍ട്രേഡ് കമ്പനി, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇറാന്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും ഉപരോധം ബാധകമാകും. ലോകത്തിന് മേല്‍ അമേരിക്കയുടെ നയങ്ങളും നിയമങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more