| Tuesday, 27th September 2022, 3:40 pm

ഓസ്‌കാര്‍ ബഹിഷ്‌കരിച്ച് റഷ്യ; പിന്നാലെ രാജിവെച്ച് ഓസ്‌കാര്‍ നോമിനേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഓസ്‌കാര്‍ പുരസ്‌കാരത്തിന് വേണ്ടി സിനിമകള്‍ അയക്കേണ്ടതില്ലെന്ന നിര്‍ണായക തീരുമാനവുമായി റഷ്യ.

ഉക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ഓസ്‌കാറിന് മത്സരിക്കാന്‍ ഒരു റഷ്യന്‍ സിനിമയെയും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്ന വ്‌ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ തീരുമാനം.

‘അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ (American Academy of Motion Picture Arts and Sciences) 2022ലെ ഓസ്‌കാര്‍ അവാര്‍ഡിന് ഒരു റഷ്യന്‍ സിനിമയെ നാമനിര്‍ദേശം ചെയ്യേണ്ടതില്ലെന്ന് ഫിലിം അക്കാദമി ഓഫ് റഷ്യയുടെ പ്രസീഡിയം തീരുമാനിച്ചു,’ റഷ്യന്‍ അക്കാദമി തിങ്കളാഴ്ച വൈകി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അതേസമയം താനുമായി ആലോചിക്കാതെ ഈ തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ച് ഓസ്‌കാര്‍ നോമിനേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പവല്‍ ചുഖ്രെ (Pavel Chukhrai) രാജിവെച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനെ (Tass) ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

”ഓസ്‌കാര്‍ നോമിനേഷനിലേക്ക് ഒരു റഷ്യന്‍ സിനിമയെയും നാമനിര്‍ദേശം ചെയ്യേണ്ടതില്ലെന്ന് അക്കാദമിയുടെ നേതൃത്വം ഏകപക്ഷീയമായി തീരുമാനിച്ചു,” എന്നാണ് താന്‍ സ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി അറിയിച്ചുകൊണ്ട് പവല്‍ ചുഖ്രെ ഒരു കത്തില്‍ എഴുതിയത്.

‘റഷ്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു സിനിമ തെരഞ്ഞെടുത്തതിന് ശേഷം, റഷ്യയുടെ അസ്തിത്വത്തെയും നിലനില്‍പിനെയും പോലും നിഷേധിക്കുന്ന ഒരു രാജ്യത്തേക്ക് (അമേരിക്ക) ആ സിനിമ അയക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക് തോന്നുന്നു,’ റഷ്യന്‍ സംവിധായകന്‍ നികിത മിഖാല്‍കോവ് പ്രതികരിച്ചു.

ഓസ്‌കാറിന് പകരം മധ്യേഷ്യയിലെയും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ ഉള്‍പ്പെടെയുള്ള യുറേഷ്യ മേഖലയിലെ രാജ്യങ്ങള്‍ക്ക് സമാനമായ പുരസ്‌കാരം കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: Russia shuns 2022 Oscars as worsening ties with west over Ukraine

Latest Stories

We use cookies to give you the best possible experience. Learn more