മോസ്‌കോ: ഓസ്‌കാര്‍ പുരസ്‌കാരത്തിന് വേണ്ടി സിനിമകള്‍ അയക്കേണ്ടതില്ലെന്ന നിര്‍ണായക തീരുമാനവുമായി റഷ്യ.
ഉക്രൈന്‍ വിഷയവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ഓസ്‌കാറിന് മത്സരിക്കാന്‍ ഒരു റഷ്യന്‍ സിനിമയെയും നോമിനേറ്റ് ചെയ്യേണ്ടതില്ലെന്ന വ്‌ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ തീരുമാനം.
‘അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ (American Academy of Motion Picture Arts and Sciences) 2022ലെ ഓസ്‌കാര്‍ അവാര്‍ഡിന് ഒരു റഷ്യന്‍ സിനിമയെ നാമനിര്‍ദേശം ചെയ്യേണ്ടതില്ലെന്ന് ഫിലിം അക്കാദമി ഓഫ് റഷ്യയുടെ പ്രസീഡിയം തീരുമാനിച്ചു,’ റഷ്യന്‍ അക്കാദമി തിങ്കളാഴ്ച വൈകി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം താനുമായി ആലോചിക്കാതെ ഈ തീരുമാനമെടുത്തതില്‍ പ്രതിഷേധിച്ച് ഓസ്‌കാര്‍ നോമിനേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പവല്‍ ചുഖ്രെ (Pavel Chukhrai) രാജിവെച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനെ (Tass) ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.