| Tuesday, 21st May 2024, 5:42 pm

ട്രാൻസ്ജൻഡർ സൗഹൃദ രാജ്യങ്ങളിലേക്ക് കുഞ്ഞുങ്ങളെ ദത്ത് നൽകുന്നത് നിരോധിക്കാനൊരുങ്ങി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: ട്രാൻസ്ജൻഡർ സൗഹൃദ രാജ്യങ്ങളിലേക്ക് റഷ്യൻ കുഞ്ഞുങ്ങളെ ദത്ത് നൽകുന്നത് നിരോധിക്കാൻ നിയമവുമായി റഷ്യ. നിയമനിർമാണത്തിന്റെ അവസാന ഘട്ടങ്ങൾ പൂർത്തിയായതായാണ് റിപ്പോർട്ട്.

‘ലിംഗമാറ്റ നടപടികൾ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്കുള്ള ദത്തെടുക്കൽ നിരോധിക്കുന്നതാണ്. അതിനായുള്ള നിയമങ്ങളുടെ അവസാനഘട്ട മിനുക്കുപണിയിലാണ് റഷ്യൻ നിയമനിർമാതാക്കൾ,’ രാജ്യത്തിന്റെ സ്റ്റേറ്റ് ഡ്യൂമ ഡെപ്യൂട്ടി ആയ വസിലി പിസ്‌കറേവ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

പിസ്‌കറേവ് കഴിഞ്ഞ നവംബറിലും വിലക്കിനെക്കുറിച്ച് പരാമർശിച്ചിരുന്നു. വളർത്തുമക്കൾ അച്ഛനും അമ്മയും ഉള്ള ഒരു സാധാരണ കുടുംബത്തിലാണ് വളരേണ്ടത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയമനിർമാണത്തിനുള്ള എല്ലാ കാര്യങ്ങളും അതിന്റെ അവസാനഘട്ടത്തിലാണ്. ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളും ഏജൻസികളും ഇതിനകം അവരുടെ അഭിപ്രായങ്ങൾ നൽകിയതായും പാർലമെന്ററി സമിതി യോഗത്തിൽ പിസ്‌കറേവ് കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയിലൂടെയോ രാസ പ്യൂബർട്ടി ബ്ലോക്കർ പ്രയോഗത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ ലിംഗമാറ്റം അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് റഷ്യൻ കുഞ്ഞുങ്ങളെ ദത്ത് നൽകുന്നത് നിരോധിക്കുക എന്നതാണ് ഈ നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്.

2013 ൽ കുട്ടികളെ ദത്തെടുക്കുന്നതിൽ നിന്ന് സ്വവർഗ ദമ്പതികളെ റഷ്യ വിലക്കിയിരുന്നു. കഴിഞ്ഞ വർഷം ലിംഗമാറ്റത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര രാജ്യങ്ങളിലേക്ക് കുട്ടികളെ ദത്ത് നൽകുന്നത് നിരോധിക്കണമെന്ന് റഷ്യൻ ഇന്റർനാഷണൽ ചർച്ച് ആവശ്യപ്പെട്ടിരുന്നു.

പല രാജ്യങ്ങളിലെയും പൗരന്മാരെ റഷ്യൻ കുട്ടികളെ ദത്തെടുക്കുന്നതിൽ നിന്ന് റഷ്യ ഇതിനോടകം നിരോധിച്ചിട്ടുണ്ട്.

Content Highlight: Russia set to ban adoptions to transgender friendly countries

We use cookies to give you the best possible experience. Learn more