സിയോള്‍: യു.എന്നിന്റെ ഉപരോധം ലംഘിച്ച് ഉത്തരകൊറിയയിലേക്ക് റഷ്യ എണ്ണ അയക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. യു.കെ ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവേഷണ ഗ്രൂപ്പായ ഓപ്പണ്‍ സേഴ്‌സ് സെന്ററിന്റെ സാറ്റലൈറ്റ് ഇമേജറിയാണ് ചിത്രം പുറത്തുവിട്ടത്.
ഇവരുടെ കണക്കനുസരിച്ച് ഈ വര്‍ഷം മാര്‍ച്ച് മുതല്‍ റഷ്യ ഉത്തരകൊറിയക്ക് ഒരു ദശലക്ഷത്തിലധികം ബാരല്‍ എണ്ണ വിതരണം ചെയ്തതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
ഉക്രൈനെതിരായ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഉത്തരകൊറിയ നല്‍കിയ ആയുധങ്ങള്‍ക്കും സൈന്യങ്ങള്‍ക്കുമുള്ള പ്രതിഫലമായാണ് എണ്ണ അയച്ചതെന്നാണ് വിവരമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കൈമാറ്റങ്ങളെല്ലാം യു.എന്‍ ഉപരോധത്തെ ലംഘിക്കുന്നതാണെന്നും ഉത്തരകൊറിയക്ക് എണ്ണ അയക്കരുതെന്ന രാജ്യങ്ങളോടുള്ള വിലക്കിന്റെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ എട്ട് മാസത്തിനിടെ ഉത്തരകൊറിയക്ക് 43 തവണ റഷ്യ തങ്ങളുടെ ഫാര്‍ ഈസ്റ്റിലെ എണ്ണ ടെര്‍മിനലില്‍ നിന്നും നല്‍കിയതായും സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നതായാണ് റിപ്പോര്‍ട്ട്.
കപ്പലുകളില്‍ ടാങ്കറുകള്‍ കാലിയാക്കി എത്തുന്നതും നിറയുന്നതായും ചിത്രങ്ങളിലുണ്ട്. അതേസമയം സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട് ഉത്തരകൊറിയുടെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്ത്.
ഓപ്പണ്‍ മാര്‍ക്കറ്റില്‍ എണ്ണ വാങ്ങാന്‍ അനുവാദമില്ലാത്ത ലോകത്തെ ഏക രാജ്യമാണ് ഉത്തര കൊറിയ. ഉത്തര കൊറിയക്കുള്ള ശുദ്ധീകരിച്ച ബാരലുകളുടെ എണ്ണം ഐക്യരാഷ്ട്ര സഭ 500000 ആയി കുറക്കുകയും ചെയ്തിരുന്നു.
Content Highlight: Russia sends oil to North Korea in violation of UN sanctions; It is reported that the satellite image is out