മോസ്‌കോ: റഷ്യയില്‍ വിദ്യാലയത്തില്‍ ഉണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട് വിദ്യാര്‍ത്ഥികളടക്കം പതിനാറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
റഷ്യയിലെ കസാന്‍ നഗരത്തിലെ സ്‌കൂളിലാണ് അക്രമം ഉണ്ടായത്. നാല് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് മരിച്ചത്. ഒരു അധ്യാപകനും ആക്രമണത്തില്‍ മരിച്ചു.
മരിച്ചവരില്‍ രണ്ട് കുട്ടികള്‍ അക്രമത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി രണ്ടാം നിലയില്‍ നിന്ന് ചാടിയപ്പോഴാണ് മരിച്ചതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
19 വയസുകാരനാണ് സ്‌ക്കൂളില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തത്. അക്രമി സ്‌കൂള്‍ വളപ്പില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മോസ്‌കോയില്‍ നിന്ന് 725 കിലോമീറ്റര്‍ അകലെയാണ് വെടിവെപ്പുണ്ടായ കസാന്‍ നഗരം. റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ അക്രമത്തില്‍ ദുഖം രേഖപ്പെടുത്തി. ടാറ്റര്‍സ്താന്‍ നേതാവ് റുസ്തം മിന്നിഖാനോവ് ആക്രമണം ഒരു വലിയ ദുരന്തമാണെന്നും പറഞ്ഞു.