| Wednesday, 18th December 2024, 3:03 pm

റഷ്യന്‍ ആണവസേനാ മേധാവിയുടെ കൊലപാതകം; ഉസ്‌ബക്കിസ്ഥാന്‍ പൗരനെ കസ്റ്റഡിയില്‍ എടുത്തെന്ന് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: മോസ്‌കോയില്‍വെച്ച് കൊല്ലപ്പെട്ട ആണവസേനാ മേധാവിയുടെ കൊലപാതകത്തില്‍ പ്രതിയെ പിടികൂടിയതായി റഷ്യ. ഉസ്‌ബക്കിസ്ഥാന്‍ പൗരനായ 29കാരനായ യുവാവാണ് പിടിയിലായത്. ഇയാള്‍ ഉക്രൈന് വേണ്ടിയാണ് കൊലപാതകം നടത്തിയെതന്നാണ് റഷ്യന്‍ അന്വേഷണ സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൊവ്വാഴ്ച്ച് രാവിലെ മോസ്‌കോയിലെ ഒരു പാര്‍പ്പിട കെട്ടിട സമുച്ചയതിന് മുമ്പിലുണ്ടായ സ്‌ഫോടനത്തിലാണ് റഷ്യന്‍ ആണവസേനാ മേധാവിയായ ഇഗോര്‍ കിറിലോവ് കൊല്ലപ്പെടുന്നത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഒളിപ്പിച്ച ബോബ് പൊട്ടിത്തെറിച്ചാണ് മരണം. കിറിലോവിനൊപ്പം സഹായി ഇല്യ പോളികാര്‍പോവും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉക്രൈനിയന്‍ പ്രത്യേക സേനയാണ് തന്നെ റിക്രൂട്ട് ചെയ്തതെന്ന് 29 കാരനായ ഉസ്‌ബക്കിസ്ഥാന്‍ പൗരന്‍ പറഞ്ഞതായി റഷ്യയുടെ പ്രസ്താവനയില്‍ പറയുന്നു. 2017 മുതല്‍ റഷ്യയുടെ ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ ട്രൂപ്പുകളുടെ തലവനായിരുന്നു 54 കാരനായ കിറിലോവ്. ആക്രമണത്തിന് പിന്നില്‍ ഉക്രൈ്‌നിലെ സെക്യൂരിറ്റി സര്‍വീസ് ആണെന്ന് കീവ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റഷ്യയ്ക്കുള്ളില്‍വെച്ച് ഉക്രൈന്‍ വധിച്ച ഏറ്റവും മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനാണ് കിറില്ലോവ്. 2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രൈന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഉക്രൈന്‍ റഷ്യന്‍ മണ്ണില്‍ നിരവധി കൊലപാതകങ്ങള്‍ നടത്തിയതായി റഷ്യ ആരോപിച്ചിരുന്നു. ഇതില്‍ 2022 ഓഗസ്റ്റില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ അള്‍ട്രാനാഷണലിസ്റ്റ് അലക്സാണ്ടര്‍ ഡുഗിന്റെ മകള്‍ ഡാരിയ ഡുഗിനയുടെ കൊലപാതകവും ഉള്‍പ്പെടുന്നുണ്ട്.

റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ ഡിഫന്‍സ് ട്രൂപ്പുകളുടെ മേധാവിയായിരുന്നു ലെഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ്. കിറിലോവിനും അദ്ദേഹത്തിന്റെ കീഴിലുള്ള ആണവ സംരക്ഷണ സേനയും ഉക്രൈനെതിരായയുദ്ധത്തില്‍ രാസായുധമായ ടോക്സിക് ഏജന്റ് ക്ലോറോപിക്രിന്‍ ഉപയോഗിച്ചതായി നിരവധി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഉക്രൈനിലെ യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് റഷ്യയുടെ വാദം.

കൊലപാതകത്തില്‍ റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്വദേവ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ സൈനിക പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഉക്രൈന്റെ ശ്രമമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാല്‍ തന്നെ ഉക്രൈനിലെ സൈനിക-രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനുള്ള തിരിച്ചടി നേരിടുന്നതിനായി തയ്യാറായിരിക്കാനും ദിമിത്രി മെദ്വദേവ് പറഞ്ഞിരുന്നു.

Content Highlight: Russia says Uzbekistan citizen detained in killing of senior general in Moscow

We use cookies to give you the best possible experience. Learn more