| Wednesday, 4th May 2022, 9:11 am

ഉക്രൈയ്നിലെ നവ-നാസികളെ ഇസ്രാഈല്‍ പിന്തുണയ്ക്കുന്നുവെന്ന് റഷ്യ; തര്‍ക്കം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഉക്രൈയ്നിലെ നവ-നാസികളെ ഇസ്രാഈല്‍ പിന്തുണയ്ക്കുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. അഡോള്‍ഫ് ഹിറ്റ്ലര്‍ ജൂതവംശജനാണെന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ ആരോപണത്തിന് പിന്നാലെയാണ് ഇസ്രാഈലിനെതിരെ റഷ്യ വീണ്ടും ആരോപണവുമായി വന്നിരിക്കുന്നത്.

നാസി ജര്‍മ്മനിയുടെ 60 ലക്ഷം യൂറോപ്യന്‍ ജൂതന്മാരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും കൊന്നൊടുക്കിയ ഹോളോകോസ്റ്റിന്റെ ഭീകരത ലഘൂകരിക്കുന്നതാണ് ലാവ്റോവിന്റെ പ്രസ്താവനയെന്നും പൊറുക്കാനാവാത്ത വ്യാജ പ്രചരണമാണെന്നും ഇസ്രായേലി വിദേശകാര്യ മന്ത്രി യെയര്‍ ലാപിഡ് വ്യക്തമാക്കി.

നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ വിദേശകാര്യ മന്ത്രിയുടെ അഭിപ്രായത്തെ അപലപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ പാഠങ്ങള്‍ റഷ്യ മറന്നുവെന്ന് ഉക്രൈനിയന്‍ പ്രസിഡന്റ് സെലെന്‍സ്‌കി കുറ്റപ്പെടുത്തി.

മോസ്‌കോയുമായുള്ള ബന്ധം വഷളായതിന്റെ സൂചനയായി, ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

ഇസ്രാഈല്‍ ഉക്രൈന് പിന്തുണ നല്‍കിയതാണ് റഷ്യയെ ചൊടിപ്പിച്ചത്. ഇസ്രാഈല്‍ ഉക്രെയ്നിലേക്ക് മാനുഷിക സഹായം അയയ്ക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

ഇസ്രയേലിനെതിരെ നേരത്തെയും റഷ്യ രംഗത്ത് എത്തിയിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇസ്രാഈല്‍ ‘ഉക്രൈന്‍ സംഘര്‍ഷ വിഷയം’ ഉപയോഗിക്കുന്നതെന്നും ആരോപിച്ചിരുന്നു.

Content Highlights: Russia says Israel supports Ukraine ‘neo-Nazis’ as row escalates

We use cookies to give you the best possible experience. Learn more