മോസ്കോ: റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഞ്ചാം തവണയും വിജയിച്ച് വ്ലാദിമിർ പുടിൻ അധികാരത്തിലേക്ക്. 2030 വരെ ഇനിയും ഭരണം തുടരും. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ സ്റ്റാലിനെയും കടത്തിവെട്ടി റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി പുടിൻ മാറി.
പാശ്ചാത്യ ലോകത്തെ തള്ളി ഉക്രൈനെ ആക്രമിക്കുക എന്ന തന്റെ തീരുമാനം ശരിവെക്കുന്നതാണ് ഫലമെന്ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
60 ശതമാനം പ്രദേശങ്ങളിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 87 ശതമാനം വോട്ടുകൾ പുടിൻ നേടിയതായി റഷ്യയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥിയായ നിക്കോളായ് ഖാരിറ്റോനോവ് നാല് ശതമാനം വോട്ടുകൾ നേടി രണ്ടാമതെത്തിയപ്പോൾ പുതുമുഖം വ്ലാദിസ്‌ലാവ് മൂന്നാമതും തീവ്ര നാഷണലിസ്റ്റ് സ്ഥാനാർത്ഥി ലിയോനിഡ് സ്‌ലറ്റ്സ്‌കി നാലാമതുമെത്തി.
2018ലെ 67.5 ശതമാനം പോളിങ് നിരക്കിനെ അപേക്ഷിച്ച് ഈ വർഷം 74.22 ശതമാനം ആളുകൾ വോട്ട് ചെയ്തു.
പുടിന്റെ വിമർശകരെല്ലാം ഒന്നുകിൽ ജയിലിലാകുകയോ നാട് കടക്കുകയോ മരണപ്പെടുകയോ ചെയ്തതിനാൽ വിജയം സുനിശ്ചിതമായിരുന്നു.
തെരഞ്ഞെടുപ്പ് ഫലം സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യു.എസും യു.കെയും കുറ്റപ്പെടുത്തി.
ഈ തെരഞ്ഞെടുപ്പ് തട്ടിപ്പിന് നിയമസാധുത ഇല്ലെന്നായിരുന്നു ഉക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിയുടെ പ്രതികരണം.
അതേസമയം പുടിന്റെ എതിരാളികളായ ആയിരക്കണക്കിന് ആളുകൾ പുടിനെതിരെ പ്രതിഷേധം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
പശ്ചാത്യ രാജ്യങ്ങൾ റഷ്യയിലെ പ്രതിപക്ഷ നേതാവ് എന്ന് വിളിക്കുന്ന അലൻസ്കി നവൽനി ഈയിടെയാണ് ജയിലിൽ വെച്ച് മരണപ്പെട്ടത് അദ്ദേഹത്തിന്റെ അനുയായികൾ ‘നൂൺ എഗൈൻസ്റ്റ് പുടിൻ’ എന്ന പേരിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ റഷ്യൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.
Content Highlight: Russia’s Putin hails victory in election criticised as illegitimate