| Tuesday, 19th July 2022, 2:10 pm

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് റഷ്യയുടെ ഒന്നാംനമ്പര്‍ ടെന്നീസ് താരം; ഭരണകൂട നടപടിക്കെതിരെയും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നുപറഞ്ഞ് റഷ്യയുടെ ഒന്നാംനമ്പര്‍ വനിതാ ടെന്നീസ് താരം ഡരിയ കസാട്കിന (Daria Kasatkina). ഒരു യുവതിയുമായി താന്‍ റിലേഷന്‍ഷിപ്പിലാണെന്നാണ് കസാട്കിന പറഞ്ഞത്.

തിങ്കളാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഒരു വീഡിയോ ഇന്റര്‍വ്യൂവിലൂടെയായിരുന്നു താരം വെളിപ്പെടുത്തല്‍ നടത്തിയത്. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഗേള്‍ഫ്രണ്ടിനൊപ്പമുള്ള ചിത്രങ്ങളും കസാട്കിന പങ്കുവെച്ചു.

റഷ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കും എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്കുമെതിരെ ഭരണകൂടം സ്വീകരിക്കുന്ന നിലപാടുകളെ വിമര്‍ശിച്ചും 25കാരിയായ കസാട്കിന വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

”റഷ്യയില്‍ നിരവധി വിഷയങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ് (Taboo). ആരെങ്കിലും സ്വവര്‍ഗാനുരാഗിയാകാന്‍ ആഗ്രഹിക്കുന്നതിനെയും അല്ലെങ്കില്‍ അങ്ങനെയാകുന്നതിനെയും പരിഹാസ്യ രൂപത്തിലാണ് ഇവിടെ കാണുന്നത്.

ഹെറ്ററോസെക്ഷ്വല്‍ ആയിരിക്കുക എന്നതിനേക്കാള്‍ എളുപ്പമുള്ള മറ്റൊന്നും ഈ ലോകത്തില്ലെന്ന് ഞാന്‍ കരുതുന്നു.

സീരിയസായി പറയുകയാണെങ്കില്‍, ഒരു ചോയ്സ് ഉണ്ടെങ്കില്‍, സ്വവര്‍ഗാനുരാഗിയായി ആരും ജീവിതം തെരഞ്ഞെടുക്കില്ല. എന്തിനാണ് നിങ്ങളുടെ ജീവിതം ഇത്രയും ദുഷ്‌കരമാക്കുന്നത്, പ്രത്യേകിച്ച് റഷ്യയില്‍,” കസാട്കിന പറഞ്ഞു.

റഷ്യയില്‍ തനിക്ക് തന്റെ കാമുകിക്കൊപ്പം ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന ഭയവും കസാട്കിന അഭിമുഖത്തില്‍ പ്രകടിപ്പിച്ചു.

”അടഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്നത് അസാധ്യമാണ്. ഇത് വളരെ ബുദ്ധിമുട്ടാണ്, അര്‍ത്ഥശൂന്യമാണ്. സമാധാനത്തോടെ ജീവിക്കുക എന്നത് മാത്രമാണ് പ്രധാനം. മറ്റുള്ളവര്‍ അവരുടെ വഴി നോക്കട്ടെ,” കസാട്കിന കൂട്ടിച്ചേര്‍ത്തു.

2013ല്‍ പാസാക്കിയ റഷ്യയിലെ ‘സ്വവര്‍ഗാനുരാഗ പ്രൊപ്പഗാണ്ട’ നിയമം സ്വവര്‍ഗാനുരാഗികളുടെ പ്രൈഡ് മാര്‍ച്ചും സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും തടയാന്‍ ഉപയോഗിക്കുന്നതായും അവര്‍ ആരോപിച്ചു.

നിലവില്‍ സിംഗിള്‍സില്‍ റഷ്യയുടെ ഒന്നാം നമ്പറും ലോകത്തെ 12ാം നമ്പര്‍ താരവുമാണ് ഡരിയ കസാട്കിന. നിലവില്‍ അവര്‍ റഷ്യയിലല്ല താമസിക്കുന്നത്.

അതേസമയം, ‘പാരമ്പര്യ ഇതര’ (non-traditional) ലൈംഗിക ബന്ധങ്ങള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ‘ഗേ പ്രൊപ്പഗാണ്ട’ നിയമം വ്യാപിപ്പിക്കാന്‍ റഷ്യന്‍ നിയമനിര്‍മാതാക്കള്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കിടയിലുണ്ടായിരുന്ന നിരോധനം ഇതോടെ മുതിര്‍ന്നവരിലേക്കും കൂടി വ്യാപിപ്പിക്കാനാണ് റഷ്യയുടെ നീക്കം.

മുതിര്‍ന്നവരിലേക്കും കൂടി വ്യാപിപ്പിക്കുന്ന തരത്തില്‍ ഗേ പ്രൊപ്പഗാണ്ട നിയമത്തില്‍ മാറ്റം കൊണ്ടുവരുന്നതോടെ രാജ്യത്ത് സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ ലഭിക്കും.

”ആളുകളുടെ പ്രായം (ഓഫ്ലൈന്‍, മീഡിയ, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍, ഓണ്‍ലൈന്‍ സിനിമകള്‍) കണക്കിലെടുക്കാതെ തന്നെ ഇത്തരം പ്രചരണങ്ങള്‍ക്കുള്ള നിരോധനം പൊതുവായി നീട്ടാന്‍ ഞങ്ങള്‍ നിര്‍ദേശിക്കുന്നു,” എന്നായിരുന്നു സ്റ്റേറ്റ് ഡ്യൂമ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തലവന്‍ അലക്സാണ്ടര്‍ ഖിന്‍ഷ്ടെയ്ന്‍ പറഞ്ഞത്.

റഷ്യന്‍ സമൂഹത്തില്‍ വിദേശ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന ആവശ്യം ഇപ്പോള്‍ രാജ്യത്ത് ഉയരുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാശ്ചാത്യ രാജ്യങ്ങള്‍ പ്രചരിപ്പിക്കുന്ന, റഷ്യന്‍ സ്വഭാവമില്ലാത്ത ലിബറല്‍ മൂല്യങ്ങള്‍ (un-Russian liberal values promoted by the Wets) എന്നാണ് സ്വവര്‍ഗ ലൈംഗികതയെക്കുറിച്ചുള്ള റഷ്യയുടെ അഭിപ്രായം.

2013ലായിരുന്നു റഷ്യയില്‍ ഗേ പ്രൊപ്പഗാണ്ട നിയമം (gay propaganda law) പാസായത്. ഇത് പ്രകാരം രാജ്യത്ത് ഗേ പ്രൈഡ് മാര്‍ച്ചുകള്‍ നടത്താന്‍ അനുമതി നിഷേധിക്കാനും എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളെ തടവിലിടാനും സാധിക്കും.

1993 വരെ റഷ്യയില്‍ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമായിരുന്നു. 1999 വരെയുള്ള കാലഘട്ടങ്ങളില്‍ ഇത് ഒരു മാനസിക രോഗമായും രാജ്യത്ത് കണക്കാക്കിയിരുന്നു.

2020ല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഭരണഘടന പ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെ മാത്രമാണ് രാജ്യത്ത് വിവാഹം എന്ന് നിര്‍വചിക്കുന്നത്.

Content Highlight: Russia’s number one female tennis player Daria Kasatkina reveals she is a gay, speaks out against Russian government’s attitude

We use cookies to give you the best possible experience. Learn more