| Friday, 25th November 2022, 10:50 pm

എല്‍.ജി.ബി.ടി.ക്യുവിനെ കുറിച്ച് മിണ്ടിപ്പോകരുത്; മിണ്ടിയാല്‍ ലക്ഷങ്ങളുടെ പിഴയും തടവും; പേടിപ്പെടുത്തുന്ന പുതിയ റഷ്യന്‍ നിയമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിക്കെതിരെ ക്രൂരമായ നടപടികളുമായി റഷ്യന്‍ സര്‍ക്കാര്‍. ‘
‘എല്‍.ജി.ബി.ടി പ്രൊപ്പഗണ്ട തടയുക’ എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഭേദഗതി റഷ്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്നിരിക്കുന്നത്. ലോവര്‍ ഹൗസില്‍ പാസായ ബില്ലിന് അപ്പര്‍ ഹൗസിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഉടനടി തന്നെ നിയമവ്യവസ്ഥകള്‍ നിലവില്‍ വരും.

ഒമ്പത് വര്‍ഷം മുമ്പ് 2013ലാണ് ഈ നിയമത്തിന്റെ ആദ്യ രൂപം റഷ്യയില്‍ കൊണ്ടുവരുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ ‘പാരമ്പര്യേതര ലൈംഗികതകളെ’ കുറിച്ചുള്ള കണ്ടന്റുകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാക്കുന്നതായിരുന്നു ഈ നിയമം. ശിശു സംരക്ഷണ നിയമം ഭേദഗതി ചെയ്തായിരുന്നു ഇത് ഉള്‍പ്പെടുത്തിയത്.

പുതിയ ഭേദഗതി പ്രകാരം, സ്വവര്‍ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്‍ പൊതു ഇടങ്ങളിലോ, ഓണ്‍ലൈനിലോ, സിനിമയിലോ, പുസ്തകങ്ങളിലോ, പരസ്യത്തിലോ വന്ന് കഴിഞ്ഞാല്‍ വന്‍ തുക പിഴയീടാക്കുമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.

നിയമവ്യവസ്ഥകള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് 4 ലക്ഷം റൂബിളും (5,38,091 രൂപ), സ്ഥാപനങ്ങള്‍ക്ക് അഞ്ച് മില്യണ്‍ (67,24,240 രൂപ) റൂബിളുമാണ് പിഴ. വിദേശികളാണെങ്കില്‍ 15 ദിവസം വരെ തടവും അതിന് ശേഷം നാടുകടത്തലും നേരിടേണ്ടി വരും.

എല്‍.ജി.ബി.ടി കണ്ടന്റുള്ള വീഡിയോകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പേരില്‍ ടിക് ടോകിനെതിരെ മൂന്ന് മില്യണ്‍ റൂബിളാണ് (40,34,929 രൂപ) കഴിഞ്ഞ മാസം റഷ്യന്‍ സര്‍ക്കാര്‍ പിഴ വിധിച്ചത്.

നേരത്ത കുട്ടികളില്‍ എല്‍.ജി.ബി.ടി ലൈഫ് സ്റ്റൈല്‍ വളര്‍ത്തുന്ന തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കെതിരെയായിരുന്നു ഈ നിയമത്തില്‍ വ്യവസ്ഥകളുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് ഈ നിയമത്തിന്റെ പേരില്‍ റഷ്യയില്‍ അധികൃതര്‍ പ്രൈഡ് മാര്‍ച്ചുകള്‍ നിരോധിക്കുകയും ലിംഗ/ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ ജയിലിലടക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇവര്‍ക്കെതിരെ വ്യാപകമായ വിദ്വേഷാക്രമണങ്ങളും നടന്നിരുന്നു.

പുതിയ ഭേദഗതികള്‍ കൂടി വരുന്നതോടെ ഈ അതിക്രമങ്ങളുടെ ഒരു സുനാമി തന്നെയാകും ഉണ്ടാവുകയെന്നാണ് അവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. എല്‍.ജി.ബി.ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ല എന്ന് ഈ നിയമത്തില്‍ തന്നെ പറയുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

പുതുക്കിയ നിയമപ്രകാരം ‘എല്‍.ജി.ബി.ടി ബിഹേവിയര്‍ പ്രദര്‍ശിപ്പിക്കരുത്’ എന്നാണ് പറയുന്നത്. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയവരെയെല്ലാം പൊതു ഇടങ്ങളില്‍ നിന്ന് പൂര്‍ണമായും മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കങ്ങളെന്നാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിയമവ്യവസ്ഥകള്‍ കൃത്യമായി നിര്‍വചിക്കാത്ത ഈ ബില്ല് ഉദ്യോഗസ്ഥര്‍ക്ക് എത്ര ക്രൂരമായ രീതിയിലും പ്രയോഗിക്കാനുള്ള അവസരമാണ് കൊടുക്കുന്നതെന്ന വലിയ അപകടത്തെ കുറിച്ച് ഇവര്‍ വിശദീകരിക്കുന്നുണ്ട്.

എല്‍.ജി.ബി.ടി പ്രൊപഗണ്ടയെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് പ്രസാധകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യയില്‍ നിലവിലുള്ള അഡള്‍ട്ട്‌സ് ഓണ്‍ലി ഗേ ബാറുകളും ക്ലബുകളും മറ്റും തുടര്‍ന്നും പ്രവര്‍ത്തിച്ചേക്കാമെന്നും എന്നാല്‍ സ്വവര്‍ഗാനുരാഗികള്‍ പരസ്യമായി ചുംബിക്കാന്‍ പോലും മടിച്ചേക്കാമെന്നുമാണ് സാമൂഹ്യപ്രവര്‍ത്തകയായ ക്‌സേനിയ മിഖേയിലോവയുടെ വാക്കുകള്‍.

എല്‍.ജി.ബി.ടിയെ കുറിച്ച് ഇനിയാരും ഒരു അക്ഷരം പോലും പറയാത്ത അവസ്ഥയുണ്ടാകുമെന്നാണ് രാഷ്ട്രീയ ശാസ്ത്രജ്ഞ എക്ടേരിന ഷുള്‍മാന്‍ ജര്‍മന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിരീക്ഷിച്ചത്. ‘എഴുത്തുകാര്‍, പ്രസാധകര്‍ എന്നു വേണ്ട സാധാരണക്കാര്‍ വരെ എല്‍.ജി.ബി.ടിയെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയുന്നതിന് മുമ്പ് വരെ രണ്ട് തവണ ആലോചിക്കും. എല്ലാവരിലും അത്തരം ചിന്തയുണ്ടാകും,’ എക്ടേരിന ഷുള്‍മാന്‍ പറഞ്ഞു.

അതേസമയം പുതിയ നിയമവ്യവസ്ഥക്കെതിരെ റഷ്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായ പ്രതിഷേധവും നടക്കുന്നുണ്ട്.

Content Highlight: Russia’s new law to stop ‘LGBT propaganda’ is explained

We use cookies to give you the best possible experience. Learn more