മോസ്‌കോ: അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ആപ്പിളും ഗൂഗിളുമെല്ലാം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് കൂട്ടുനില്‍ക്കുന്നവരാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി. കഴിഞ്ഞ ആഴ്ച നടന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ വിരുദ്ധമായ വോട്ടിംഗ് ആപ്പുകളും മറ്റും ഇവര്‍ തങ്ങളുടെ ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന നവല്‍നി ആരോപിച്ചത്.
”ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എന്നെ എന്തെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് പുടിന്‍ തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ച രീതിയായിരുന്നില്ല. മറിച്ച് ‘മഹത്തരമായ’ ടെക്‌നോളജി ഭീമന്മാര്‍ പുടിന് അനുകൂലമായി പ്രവര്‍ത്തിച്ച രീതിയായിരുന്നു,” നവല്‍നി തന്റെ ട്വീറ്റില്‍ പറഞ്ഞു. ജയിലിലായതിനാല്‍ തന്റെ അഭിഭാഷകര്‍ വഴിയായിരുന്നു നവല്‍നി ട്വീറ്റ് പോസ്റ്റ് ചെയ്തത്.
”ആപ്പിളും ഗൂഗിളും റഷ്യന്‍ ഭരണകൂടത്തിനൊപ്പം ചേര്‍ന്ന് ഞങ്ങളുടെ ആപ്പ് നീക്കം ചെയ്തു. എന്റെ പ്രിയപ്പെട്ട യുട്യൂബ് ഞങ്ങളുടെ വീഡിയോ ഡിലീറ്റ് ചെയ്തു. ടെലഗ്രാം മെസ്സെന്‍ജറും ബ്ലോക്ക് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെലഗ്രാമിന്റെ സ്ഥാപകനും ഉടമസ്ഥനുമായ പാവെല്‍ ഡുറോവിന്റെ പ്രവര്‍ത്തികളില്‍ അങ്ങേയറ്റം നിരാശയുണ്ടെന്നും നവല്‍നി പറയുന്നുണ്ട്.
ആപ്പിളിലും ഗൂഗിളിലും പണിയെടുക്കുന്ന മിക്ക ആളുകളും നല്ലവരാണെന്ന് തനിക്കറിയാമെന്നും അവര്‍ ദയവായി അവരുടെ മുതലാളിമാര്‍ കാണിക്കുന്ന ഭീരുത്വത്തെ പിന്തുടരുതെന്നും നവല്‍നി ട്വീറ്റില്‍ പറയുന്നു.
നവല്‍നിയെ പിന്തുണക്കുന്ന ആളുകള്‍ തന്നെയായിരുന്നു സര്‍ക്കാര്‍ വിരുദ്ധ ആപ്പിന് പിറകില്‍ പ്രവര്‍ത്തിച്ചത്. നിലവിലുള്ള ഭരണകൂടത്തെ പുറത്താക്കാന്‍ ആര്‍ക്ക് വോട്ട് ചെയ്യണം എന്ന നിര്‍ദേശങ്ങളായിരുന്നു അവര്‍ ആപ്പ് വഴി ജനങ്ങള്‍ക്ക് നല്‍കിയിരുന്നത്.
അമേരിക്കന്‍ കമ്പനികള്‍ റഷ്യയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് മുന്‍പും നവല്‍നിയുടെ അനുയായികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുടിന്റെ ഭരണത്തിന്‍ കീഴിലുള്ള പൊലീസ് നവല്‍നിയെ അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Russia’s jailed opposition leader criticized Tech giants for supporting President Putin in elections