മോസ്കോ: ഹമാസിന്റെ പേര് പറഞ്ഞ് ഗസയിലെ മുഴുവൻ ഫലസ്തീനികളെയും കൂട്ടത്തോടെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്.
ദോഹ ഫോറത്തിൽ ഓൺലൈനിൽ പങ്കെടുത്ത ലാവ്റോവ് ഫലസ്തീനിലെ നിലവിലെ സാഹചര്യം അന്താരാഷ്ട്ര സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രഈലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായതല്ല എന്നും അദ്ദേഹം പറഞ്ഞു.
‘ദശാബ്ദങ്ങളായി ഗസയിൽ തുടരുന്ന ഉപരോധവും ഇസ്രഈലുമായി അതിർത്തി പങ്കിട്ടുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രമെന്ന് ദശാബ്ദങ്ങളായി ഫലസ്തീനികൾക്ക് നൽകിയ പൊള്ളയായ വാഗ്ദാനങ്ങളുമൊക്കെയാണ് അതിന് കാരണം,’ ലാവ്റോവ് പറഞ്ഞു.
ഗസയിൽ വെടിനിർത്തലിനുള്ള യു. എൻ സുരക്ഷാ കൗൺസിലിലെ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിയെയും റഷ്യ അപലപിച്ചു.
ഉടൻ വെടിനിർത്തൽ നടപ്പാക്കുന്നതിൽ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടു എന്നതുകൊണ്ട് അത് അപ്രധാനമാകുന്നില്ലെന്നും തന്റെ പോരാട്ടം തുടരുമെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞിരുന്നു.