| Saturday, 3rd October 2020, 1:27 pm

വാക്‌സിന്‍ വേണമെങ്കില്‍ ഞങ്ങള്‍ തരാം; ട്രംപിനോട് റഷ്യന്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌ക്കോ: കൊവിഡ് 19 വാക്‌സിന്‍ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്ത് റഷ്യയിലെ കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയ്ക്ക് വേണമെങ്കില്‍ തങ്ങള്‍ വാക്‌സിന്‍ നല്‍കാമെന്ന പ്രഖ്യാപനുമായി കൊവിഡ് വാക്‌സിന്‍ ഡെവലപിങ് ടീം രംഗത്തെത്തിയത്.

മോസ്‌കോ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ യോട് സംസാരിക്കവേയായിരുന്നു സ്പുട്നിക് വിയുടെ നിര്‍മാതാക്കളിലൊരാളായ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.

പ്രസിഡന്റ് ട്രംപിന്റെ സഹപ്രവര്‍ത്തകര്‍ മോസ്‌കോയുമായി ബന്ധപ്പെട്ടാല്‍ വാക്‌സിന്‍ ലഭിക്കുന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ‘ റഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ടാല്‍ അവരെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ട്രംപിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വൈറ്റ് ഹൗസിലേക്ക് ഒരു ടെലഗ്രാം സന്ദേശം അയച്ചിരുന്നു.

ആത്മാര്‍ത്ഥമായ എല്ലാ പിന്തുണയും അറിയിക്കുകയാണെന്നും അപകടകരമായ ഈ വൈറസിനെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും അതിനുള്ള ഊര്‍ജ്ജവും കഴിവും ഉണ്ടാവട്ടെയെന്നുമായിരുന്നു പുടിന്‍ പറഞ്ഞത്. 2021 ജനുവരി മുതലാണ് സ്പുട്നിക് വി പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുക.

വെള്ളിയാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനു കൊവിഡ് സ്ഥിരീകരിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്കും ഭാര്യ മെലാനിയക്കും കൊവിഡ് പോസിറ്റീവായിട്ടുണ്ട്, തങ്ങള്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. അതേസമയം ഇന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചെറിയ പനിയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്സ്. നേരത്തെ ക്ലീവ്ലാന്‍ഡില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനായി എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ട്രംപിനൊപ്പം ഹോപ് ഹിക്ക്സും സഞ്ചരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russia’s Covid-19 vaccine has offered it to the White House

We use cookies to give you the best possible experience. Learn more