മോസ്‌ക്കോ: കൊവിഡ് 19 വാക്‌സിന്‍ അമേരിക്കയ്ക്ക് വാഗ്ദാനം ചെയ്ത് റഷ്യയിലെ കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കയ്ക്ക് വേണമെങ്കില്‍ തങ്ങള്‍ വാക്‌സിന്‍ നല്‍കാമെന്ന പ്രഖ്യാപനുമായി കൊവിഡ് വാക്‌സിന്‍ ഡെവലപിങ് ടീം രംഗത്തെത്തിയത്.
മോസ്‌കോ വാര്‍ത്താ ഏജന്‍സിയായ ആര്‍.ഐ.എ യോട് സംസാരിക്കവേയായിരുന്നു സ്പുട്നിക് വിയുടെ നിര്‍മാതാക്കളിലൊരാളായ അലക്‌സാണ്ടര്‍ ജിന്റ്‌സ്ബര്‍ഗ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
പ്രസിഡന്റ് ട്രംപിന്റെ സഹപ്രവര്‍ത്തകര്‍ മോസ്‌കോയുമായി ബന്ധപ്പെട്ടാല്‍ വാക്‌സിന്‍ ലഭിക്കുന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ‘ റഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ടാല്‍ അവരെ ഞങ്ങള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ട്രംപിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വൈറ്റ് ഹൗസിലേക്ക് ഒരു ടെലഗ്രാം സന്ദേശം അയച്ചിരുന്നു.
ആത്മാര്‍ത്ഥമായ എല്ലാ പിന്തുണയും അറിയിക്കുകയാണെന്നും അപകടകരമായ ഈ വൈറസിനെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്നും അതിനുള്ള ഊര്‍ജ്ജവും കഴിവും ഉണ്ടാവട്ടെയെന്നുമായിരുന്നു പുടിന്‍ പറഞ്ഞത്. 2021 ജനുവരി മുതലാണ് സ്പുട്നിക് വി പൊതുജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങുക.