മോസ്‌കോ: റഷ്യയിലെ ക്രോക്കസ് സിറ്റിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്‌റ്റേറ്റാണെന്ന ആരോപണത്തില്‍ വിമര്‍ശനവുമായി റഷ്യ. അന്വേഷണത്തിന് കാത്ത് നില്‍ക്കാതെ ആക്രമണത്തിന് പിന്നില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് അത്യന്തം സംശയാസ്പദമാണെന്ന് യു.എസിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി ആന്റനോവ് പറഞ്ഞു.
‘പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് ഭയപ്പെടുത്തുന്നതാണ്. നമ്മുടെ രാജ്യത്ത് നടന്ന ദുരന്തത്തിന്റെ ഉത്തരവാദി ഐ.എസ് ആണെന്ന് അന്വേഷണം നടക്കുന്നതിന് മുമ്പ് വരുത്തി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്,’ അനറ്റോലി ആന്റോവ് പറഞ്ഞു. എന്നാല്‍ ആക്രമകാരികള്‍ എന്തിനാണ് ഉക്രൈന്‍ അതിര്‍ത്തി വഴി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് റഷ്യയിലെ ഓരോ പൗരനുമുള്ള സംശയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് ക്രോക്കസ് സിറ്റി ഹാളില്‍ നടന്ന സംഗീത നിശക്കിടെ ഭീകരാക്രമണം ഉണ്ടായത്. സംഭവത്തില്‍ 139 പേര്‍ കൊല്ലപ്പെടുകയും 180 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉക്രൈന്‍ അതിര്‍ത്തിക്ക് അടുത്തുള്ള ബ്രയാന്‍സ്‌ക് മേഖലയില്‍ നിന്ന് കുറ്റവാളികളെന്ന് സംശയിക്കുന്ന നാല് പേരെ റഷ്യന്‍ സുരക്ഷാ സേന പിടികൂടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ എന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇവരെ വിശേഷിപ്പിച്ചത്.
അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഉക്രൈന്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. ഭീകരാക്രമണത്തിന് പിന്നില്‍ ഉക്രൈന്‍ ആകാം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് ഐ.എസ്.ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തതായി യു.എസ് അവകാശപ്പെട്ടത്.
Content Highlight: Russia responds to claims Islamic State behind Moscow terror attack