സെന്റ് പീറ്റ്‌സ്ബര്‍ഗ്: റഷ്യന്‍ വിപ്ലവത്തിന്റെ ഭാഗമായി റഷ്യന്‍ വിപ്ലവകാരികളായ ബോള്‍ഷെവിക്കുകള്‍ കൊലപ്പെടുത്തിയ സര്‍ നിക്കോളാസ് രണ്ടാമന്റെ കൊട്ടാരം മ്യൂസിയമായി പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി റഷ്യ. ഇതോടെ റഷ്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാവാനൊരുങ്ങുകയാണ് അലക്‌സാണ്ടര്‍ കൊട്ടാരം.
ബോള്‍ഷെവിക്കുകള്‍ സര്‍ നിക്കോളാസ് രണ്ടാമനേയും അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി, സോവിയറ്റ് യൂണിയന് നാന്ദി കുറിച്ചതിന്റെ ഒരു നൂറ്റാണ്ടിന് ശേഷമാണ് റഷ്യ ഇത്തരൈാരു തീരുമാനമെടുക്കുന്നത്.
സര്‍ നിക്കോളാസിന്റെ മരണത്തോടെ റഷ്യയില്‍ രാജഭരണം അവസാനിക്കുകയും വ്‌ളാദമിര്‍ ലെനിന്റെ നേതൃത്വത്തില്‍ ഭരണത്തിലേറുകയുമായിരുന്നു.
സര്‍ ച്രവര്‍ത്തിമാരുടെ പതനത്തിനിപ്പുറവും ആര്‍ക്കിടെക്റ്റുകളുടെയും ഗവേഷകരുടെയും ചരിത്രവിദ്യാര്‍ത്ഥികളുടെയും പ്രധാന സങ്കേതമാണ് അലക്‌സാണ്ടര്‍ കൊട്ടാരം. ഇപ്പോഴും ഇവിടെ ഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
‘രണ്ടാം ലോകമഹായുദ്ധവും സോവിയറ്റ് ഭരണകൂടത്തിന്റെ ഉദയവുമാണ് സര്‍ ചക്രവര്‍ത്തിമാരുടെ പതനത്തിന് കാരണമായത്. ഇതൊരു മ്യൂസിയമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുന്നതോടെ അതിരില്ലാത്ത അത്ഭുതമാണ് അനാവരണം ചെയ്യപ്പെടാന്‍ പോവുന്നത്,’ ചരിത്രകാരിയായ റെയ്‌ഡോവ പറയുന്നു.
2002ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ്, റഷ്യന്‍ പ്രസിഡന്റായ പുതിന്റെ അതിഥിയായി ഇവിടെയെത്തിയിരുന്നു.
2011ലാണ്, രണ്ടാം ലോകമാഹായുദ്ധത്തില്‍ തകര്‍ന്ന സര്‍ നിക്കോളാസ് രണ്ടാമന്റെ കൊട്ടാരം പുനരുദ്ധരിക്കാനും മ്യൂസിയമാക്കി മാറ്റാനും റഷ്യന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിനായി 28 മില്യണ്‍ ഡോളറും വകയിരുത്തിയിരുന്നു. റഷ്യന്‍ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ചതുപൊലെ തന്നെ കൊട്ടാരം പുനഃനിര്‍മിച്ചാണ് മ്യൂസിയം ഒരുക്കുന്നത്.
തന്നിഷ്ടപ്രകാരം സ്വേച്ഛാധിപത്യഭരണം നടത്തിയ സര്‍ നിക്കോളാസ് രണ്ടാമന്റെ കാലത്ത് അനവധിയായ രക്തരൂഷിതമായി രിരവധി സമരങ്ങള്‍ക്കാണ് റഷ്യ സാക്ഷ്യം വഹിച്ചത്.
തൊഴിലാളികളെ അടിച്ചമര്‍ത്തിയും അവരുടെ അവകാശങ്ങള്‍ നിഷേധിച്ചും ഭരണം തുടര്‍ന്ന്, ഒടുവില്‍ അവരുടെ കൈകള്‍ കൊണ്ട് തന്നെ മരിക്കേണ്ടി വന്ന വിഡ്ഢിയും ബുദ്ധിശൂന്യനുമായാണ് ചരിത്രം നിക്കോളാസ് രണ്ടാമനെ അടയാളപ്പെടുത്തുന്നത്.