World News
ഭീകരവാദസംഘടനകളുടെ പട്ടികയില്‍ നിന്നും താലിബാനെ മാറ്റാനൊരുങ്ങി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 05, 05:01 pm
Saturday, 5th October 2024, 10:31 pm

മോസ്‌കോ: ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും താലിബാനെ ഒഴിവാക്കാന്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതായി ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്.

താലിബാനെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും ഇതിനായുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചതായുമാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

താലിബാനെ ഭീകരവാദ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് റഷ്യന്‍ വിദേശകാര്യമന്ത്രാലയവും എഫ്.എസ്.ബിയും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

തീരുമാനം യാഥാര്‍ത്ഥ്യമാക്കുന്നതിന് വിവിധ നിയമനടപടികളുമായി മുന്നോട്ടുപോകേണ്ടതുണ്ടെന്ന് വ്‌ളാദിമിര്‍ പുടിന്റെ അഫ്ഗാനിസ്ഥാനിലെ പ്രതിനിധി സമീര്‍ കാബുലോവ് പറഞ്ഞത്.

നേരത്തെ തന്നെ താലിബാനുമായി തങ്ങള്‍ക്ക് സഖ്യകക്ഷി ബന്ധമുള്ളതായി റഷ്യ വ്യക്തമായിരുന്നു. ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രസ്ഥാനത്തെ റഷ്യ സഖ്യകക്ഷിയായി കാണുന്നുവെന്ന് പുടിന്‍ പറഞ്ഞിരുന്നു.

2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് മുതല്‍ റഷ്യ താലിബാനുമായി ബന്ധം സ്ഥാപിച്ച് തുടങ്ങിയിരുന്നു. താലിബാനുമായി ബന്ധം സ്ഥാപിച്ച ആദ്യ രാജ്യം കൂടിയായിരുന്നു റഷ്യ. എന്നാല്‍ നിലവിലും റഷ്യയില്‍ താലിബാന്‍ നിരോധിത സംഘടനയായി തന്നെയാണ് തുടരുന്നത്.

റഷ്യ നിരോധിത സംഘടനയായി കണക്കാക്കുന്ന താലിബാനെയാണ് നിലവില്‍ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ നിന്നും രാജ്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്.

2003ലാണ് റഷ്യ താലിബാനെ ഭീകരവാദസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം സാധാരണനിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കാം നിലവില്‍ റഷ്യയ്ക്കുണ്ടായ മാറ്റത്തിന് കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Content Highlight: RUSSIA REMOVES TALIBAN IN THE LIST OF TERRORIST ORGANISATION