വാഷിംഗ്ടണ്‍: 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ശ്രമം നടത്തിയെന്ന യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ റഷ്യ-അമേരിക്കന്‍ ബന്ധം വഷളാകുന്നു. ട്രംപ് അനുകൂലികളിലൂടെ ജോ ബൈഡനെതിരെ അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമായ ആരോപണങ്ങള്‍ ഉയര്‍ത്തി പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യ ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ പുടിന് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. എ.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം.
റിപ്പോര്‍ട്ടിന്റെ പരിണിതഫലം എന്തായിരിക്കുമെന്ന ചോദ്യത്തിന് ഉടന്‍ കാണാം എന്നും ബൈഡന്‍ മറുപടി പറഞ്ഞു. പുടിന്‍ കൊലപാതകിയാണെന്ന് കരുതുന്നുണ്ടോ എന്ന ചോദിച്ചപ്പോള്‍ ഉണ്ടെന്നും ബൈഡന്‍ പ്രതികരിച്ചു.
ബൈഡന്റെ പ്രസ്താവനക്ക് പിന്നാലെ റഷ്യയും രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി. അമേരിക്കന്‍ അംബാസിഡറായ അനന്റോലി ആന്റോണോവിനെ റഷ്യ തിരികെ വിളിപ്പിച്ചു. അമേരിക്കയുമായുള്ള ബന്ധം എങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് റഷ്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അമേരിക്കയുടെ നടപടികള്‍ ഇതിനെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും റഷ്യ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ട്രംപ് നടത്തിയ നീക്കങ്ങള്‍ അമേരിക്കയുടെ നയതന്ത്രബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തുകയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ ദിവസം ദേശീയ ഇന്റലിജന്‍സ് വകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗുരുതരമായ ആരോപണങ്ങളാണ് റഷ്യയ്ക്കെതിരെ അമേരിക്ക നടത്തിയത്. ബൈഡനെതിരെ കുപ്രചാരണം നടത്താന്‍ ട്രംപ് അനുകൂലികള്‍ റഷ്യയെ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ക്ക് കൂടുതല്‍ സാധുത നല്‍കുന്നതാണ് യു.എസ് ഇന്റലിജന്‍സ് ഇപ്പോള്‍ പുറത്തുവിട്ട 15 പേജുള്ള റിപ്പോര്‍ട്ട്.
ട്രംപ് അനുകൂലികളിലൂടെ റഷ്യ ബൈഡനെ തോല്‍പ്പിക്കാന്‍ സമര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തിയെന്ന് ഡെമോക്രാറ്റിക്ക് ഹൗസ് ഓഫ് ഇന്റലിജന്‍സ് അധ്യക്ഷന്‍ ആഡം ഷിഫ് പറഞ്ഞു.
” മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായികളായിരുന്ന ആന്‍ഡ്രി ഡെര്‍ക്കയിലൂടെയും കോണ്‍സ്റ്റാന്റിന്‍ കില്‍മിന്‍കിലൂടെയും റഷ്യന്‍ ഏജന്റുകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. അമേരിക്കയുടെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ബൈഡനെതിരെ തെറ്റിധാരണകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു അവരുടെ ലക്ഷ്യം,” ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു
ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കില്‍മിന്‍ക്, 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ക്യാംപയിന്‍ ചെയര്‍മാനായിരുന്ന പോള്‍ മിനാഫോര്‍ട്ടിന്റെ അടുത്ത അനുയായി ആണ്. പോള്‍ സ്പെഷ്യല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം ജയിലില്‍ ആയിരുന്നു. ട്രംപ് അധികാരത്തില്‍ നിന്ന് പുറത്തുപോകുന്നതിന് മുന്‍പാണ് പോളിനെ മോചിപ്പിച്ചത്.
അതേസമയം മുന്‍പത്തെ തെരഞ്ഞെടുപ്പിലെപ്പോലെ തുടര്‍ച്ചയായി അമേരിക്കയിലെ തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളില്‍ നുഴഞ്ഞുകയറാന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇത്തവണ ശ്രമിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യയ്ക്കെതിരെയുള്ള യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ മറ്റൊരു ഗൂഢാലോചന സിദ്ധാന്തം കൂടി അന്തരാഷ്ട്രതലത്തില്‍ ഉയര്‍ന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബൈഡന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുന്നതില്‍ ചൈന ഇടപെട്ടു എന്നതാണത്. അമേരിക്കയുമായി സ്ഥിരതയുള്ള ബന്ധം ആഗ്രഹിച്ച ചൈന ബൈഡന് വേണ്ടി നീക്കങ്ങള്‍ നടത്തിയെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Russia recalls envoy after Biden remarks about Putin related to US intelligence report about President Election