ഭീകരവാദത്തിന് ധനസഹായം നല്‍കുന്നു; പാശ്ചാത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമായി റഷ്യ
World News
ഭീകരവാദത്തിന് ധനസഹായം നല്‍കുന്നു; പാശ്ചാത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവുമായി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 12:45 pm

മോസ്‌കോ: ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതായി സംശയിക്കുന്ന പാശ്ചാത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് റഷ്യ. അന്വേഷണത്തെ തുടര്‍ന്ന് നിരവധി ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ കുറ്റവാളികളാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു.

ഉക്രൈയിനിലെ ഏതാനും യു.എസ് സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പണം രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായി റഷ്യന്‍ അന്വേഷണ സമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് റഷ്യ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ ഇല്ലാതാക്കാനാണ് ഇത്തരം ഫണ്ട് ഉപയോഗിച്ചിരിക്കുന്നതെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന് ജോലി നല്‍കിയിട്ടുള്ള എണ്ണ-വാതക കമ്പനിയായ ബുരിസ്മ ഹോള്‍ഡിങ് സംശയാസ്പദമായ കമ്പനികളില്‍ ഉള്‍പ്പെടുന്നുവെന്ന് റഷ്യ അറിയിച്ചു. 2020ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൈഡന്റെ മകന്‍ ഹണ്ടറിനെ കുറിച്ചുള്ള നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഇല്ലാതാക്കാന്‍ സോഷ്യല്‍ മീഡിയ വാഷിങ്ടണിനെ സഹായിച്ചുവെന്ന് ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം ഹണ്ടര്‍ നിഷേധിച്ചു. നിയവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

തലസ്ഥാന നഗരിയായ മോസ്‌കോയ്ക്ക് സമീപത്തുള്ള കോർക്കസ് ഹാളില്‍ മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ 144 പേരുടെ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തില്‍ ഉക്രൈനും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും പങ്കുണ്ടെന്ന് റഷ്യ ആരോപണം ഉയര്‍ത്തിയിരുന്നു.

Content Highlight: Russia orders investigation against Western officials