| Saturday, 11th June 2022, 12:24 pm

ആദ്യം സസ്‌പെന്‍ഷന്‍, ഇപ്പോള്‍ സ്വയം പിന്മാറ്റം; യു.എന്‍ ടൂറിസം ഓര്‍ഗനൈസേഷനില്‍ നിന്ന് പുറത്തേക്കെന്ന് പ്രഖ്യാപിച്ച് റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: ഐക്യരാഷ്ട്ര സഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനില്‍ (World Tourism Organization) നിന്നും പിന്‍വാങ്ങുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് റഷ്യ. വെള്ളിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച് റഷ്യയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നത്.

നേരത്തെ തന്നെ സംഘടനയില്‍ നിന്നും പിന്‍വാങ്ങുന്നതായി റഷ്യ പറഞ്ഞിരുന്നെങ്കിലും ഒരു ഔദ്യോഗിക പ്രഖ്യാപനം വരുന്നത് ഇപ്പോഴാണ്.

”റഷ്യ പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും വന്ന പ്രൊപ്പോസല്‍ അംഗീകരിച്ചു,” എന്നാണ് റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നത്. പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്റ്റിന്‍ ഒപ്പുവെച്ച ഉത്തരവാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

മഡ്രിഡ് കേന്ദ്രീകരിച്ചാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ഉക്രൈനില്‍ നടത്തിയ മിലിറ്ററി ഓപ്പറേഷന്റെ പശ്ചാത്തലത്തില്‍ നേരത്തെ റഷ്യയെ ഓര്‍ഗനൈസേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഏപ്രില്‍ 27നായിരുന്നു റഷ്യയെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. റഷ്യ ഉക്രൈനില്‍ നടത്തിയ ആക്രമണങ്ങള്‍ സംഘടനയുടെ മൂല്യങ്ങള്‍ക്കെതിരാണ് എന്നായിരുന്നു വാദം.

ഫെബ്രുവരി 24ന് റഷ്യ ഉക്രൈനില്‍ ആക്രമണം ആരംഭിച്ചത് മുതല്‍ തന്നെ വിവിധ ലോകരാജ്യ സംഘടനകളില്‍ നിന്നും റഷ്യയെ മാറ്റി നിര്‍ത്തുകയോ പുറത്താക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു.

അമേരിക്കയുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങുടെയും ഭാഗത്ത് നിന്നും വിവിധ മേഖലകളിലുള്ള ഉപരോധവും റഷ്യ നേരിടുന്നുണ്ട്.

നേരത്തെ, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ പറഞ്ഞിരുന്നു.

90 ശതമാനം റഷ്യന്‍ എണ്ണയുടെയും ഇറക്കുമതി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്ത വിവരമാണ് പുറത്തുവിട്ടത്.

യൂറോപ്യന്‍ യൂണിയന്‍ റഷ്യക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഉപരോധ മാര്‍ഗമാണ് ഇത്.

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുക, റഷ്യയുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് തടയിടുക എന്നിവയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

റഷ്യന്‍ സ്റ്റേറ്റ് ഉടമസ്ഥതയിലുള്ള മൂന്ന് ബ്രോഡ്കാസ്റ്റര്‍മാരെ നിരോധിക്കുക, ഉക്രൈനിലെ യുദ്ധ കുറ്റകൃത്യങ്ങളില്‍ ഉത്തരവാദികളായ റഷ്യക്കാരെ നിരോധിക്കുക എന്നീ നടപടികളിലേക്കും ഇ.യു ഇതിനൊപ്പം കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ തീരുമാനപ്രകാരം അംഗരാജ്യങ്ങളായ 27 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്നതിന് സമ്മതം നല്‍കും. അതേസമയം പൈപ്പ്‌ലൈന്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഡെലിവറിക്ക് ഇതില്‍ നിന്നും ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Russia Officially Quits UN Tourism Body After Suspension Over Ukraine

Latest Stories

We use cookies to give you the best possible experience. Learn more