ഇന്ത്യയില്‍ കണ്ണുംനട്ട് റഷ്യ; യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് വലിയ വിലക്കുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം
national news
ഇന്ത്യയില്‍ കണ്ണുംനട്ട് റഷ്യ; യുദ്ധത്തിന് മുമ്പുള്ള വിലയില്‍ നിന്ന് വലിയ വിലക്കുറവില്‍ ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ വില്‍ക്കാമെന്ന് വാഗ്ദാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 1:23 pm

ന്യൂദല്‍ഹി: വലിയ വിലക്കുറവില്‍ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നേരിട്ട് വില്‍ക്കാന്‍ റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിന് മുമ്പുള്ള വിലയില്‍നിന്ന് ബാരലിന് 35 ഡോളര്‍വരെ കിഴിവ് നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം.

ഉക്രൈന്‍ ആക്രമണത്തെ തുടര്‍ന്ന റഷ്യയ്ക്ക് മേല്‍ ്ന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം വര്‍ധിക്കുമ്പോഴാണ് റഷ്യയുടെ വാഗ്ദാനം.

1.5 കോടി ബാരല്‍ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ പണമിടപാട് സംവിധാനമായ എസ്.പി.എഫ്.എസ് വഴി റൂബിള്‍-രൂപ ഇടപാടിനും റഷ്യ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം കൂടുതല്‍ സുഗമമാക്കാന്‍ ഇത് സാഹായിക്കുമെന്നാണ് വിലയിരുത്തല്‍. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവുമായി ഇക്കാര്യം ചര്‍ച്ചചെയ്തേക്കും.

രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ബാള്‍ട്ടിക് കടല്‍വഴിയുള്ള ഷിപ്പിങ് തടസം മറികടക്കാന്‍ കിഴക്കന്‍ റഷ്യയുടെ വ്ളാഡിവോസ്റ്റോക് തുറമുഖംവഴി എണ്ണ കൊണ്ടുവരുന്നതിനുള്ള സാധ്യതകള്‍ ഇരുരാജ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഇവിടെനിന്ന് 20 ദിവസംകൊണ്ട് ഇന്ത്യയുടെ കിഴക്കന്‍ തീരത്തുള്ള എണ്ണശുദ്ധീകരണ ശാലകളില്‍ എണ്ണ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എണ്ണ, ആയുധങ്ങള്‍ എന്നിവ വാങ്ങുന്നതിലൂടെയുണ്ടാകാനിടയുള്ള വ്യാപാര വ്യത്യാസം മറികടക്കാന്‍ മരുന്നുകള്‍, എന്‍ജിനിയറിങ് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവയുടെ റഷ്യയിലേയ്ക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

ഉക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് യൂറോപ്പിലേയ്ക്കും യുഎസിലേയ്ക്കുമുള്ള വിതരണം തടസ്സപ്പെട്ടതിനാല്‍ ക്രൂഡ് ഓയില്‍ ഏഷ്യയില്‍ വിറ്റഴിക്കാനാണ് റഷ്യയുടെ ശ്രമം. ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെയാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ചൈനയിലേയ്ക്കും വന്‍തോതില്‍ എണ്ണ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

 

Content Highlights: Russia offers oil to India at $35/bbl discount from pre-war price