| Wednesday, 19th June 2024, 9:16 am

നിയമ വിരുദ്ധ ഉപരോധവുമായി സഹകരിക്കരുത്; ബ്രിക്‌സ് അംഗത്വത്തിനുള്ള പ്രധാന മാനദണ്ഡം വ്യക്തമാക്കി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: ബ്രിക്‌സ് ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്ന ഒരു രാജ്യവും നിയമവിരുദ്ധമായ ഏകപക്ഷീയമായ ഉപരോധങ്ങളിൽ പങ്കെടുക്കരുതെന്ന് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ്. ചൊവ്വാഴ്ച മോസ്‌കോയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിക്‌സിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമാണിതെന്ന് റിയാബ്‌കോവ് പറഞ്ഞു. ബ്രിക്‌സിൽ അംഗത്വം സ്വീകരിക്കാൻ നിരവധി രാജ്യങ്ങൾ മുന്നോട്ട് വന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന.

‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, ബ്രിക്സിലേക്കുള്ള പ്രവേശനത്തിന് രാജ്യങ്ങളെ സ്വാഗതം ചെയ്യുന്നതിനുമുള്ള ഒരു പ്രധാന മാനദണ്ഡം എന്നത്, നിയമവിരുദ്ധമായ ഉപരോധ നയങ്ങൾ, ഏതെങ്കിലും ബ്രിക്സ് പങ്കാളിക്കെതിരെയുള്ള നിയമവിരുദ്ധമായ നിയന്ത്രണ നടപടികൾ, പ്രത്യേകിച്ച് റഷ്യക്കെതിരെയുള്ള നിയമ വിരുദ്ധ നടപടികൾ തുടങ്ങിവയിൽ ഉൾപെടാതിരിക്കുക എന്നതാണ്,’ റിയാബ്‌കോവ് പറഞ്ഞു.

ഈ നിലപാട് തന്നെയാണ് ബ്രിക്സിലെ മറ്റ് അംഗരാജ്യങ്ങൾക്കെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്‌സ് അതിൻ്റെ വിപുലീകരണത്തിൽ പുതിയ കാര്യങ്ങൾ കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യും എന്നത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എല്ലാ അംഗരാജ്യങ്ങളും ഗ്രൂപ്പിന്റെ വളർച്ചയ്ക്കുള്ള കാര്യങ്ങളിൽ പൂർണ പിന്തുണ നൽകുന്നവരാണ്. നിലവിൽ ഗ്രൂപ്പിലെ പത്ത് അംഗങ്ങൾ ഒത്തൊരുമിച്ച് ഒരു നല്ല ടീം ആയാണ് പ്രവർത്തിക്കുന്നത്,’ റിയാബ്‌കോവ് കൂട്ടിച്ചേർത്തു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവർ ചേർന്ന് 2006ലാണ് ബ്രിക്സ് സ്ഥാപിച്ചത്. 2011-ൽ ആണ് ദക്ഷിണാഫ്രിക്ക ബ്രിക്‌സിൽ ചേരുന്നത്. ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവരെ പൂർണ അംഗങ്ങളായി സ്വാഗതം ചെയ്തുകൊണ്ട് ഈ വർഷമാണ് ബ്രിക്സ് വിപുലീകരിച്ചത്.

മറ്റ് നിരവധി രാജ്യങ്ങളും ബ്രിക്സിൽ ചേരാനുള്ള ആഗ്രഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈയടുത്ത് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ബ്രിക്സിൽ ചേരുന്നതിനുള്ള ആവശ്യമായ രേഖകൾ ഉടൻ ഫയൽ ചെയ്യുമെന്ന് പറഞ്ഞിരുന്നു.

Content Highlight: Russia names main condition for BRICS membership

We use cookies to give you the best possible experience. Learn more