ഉക്രൈൻ സമാധാന ഉച്ചകോടിയിൽ റഷ്യ പങ്കെടുത്തില്ല; കമ്മ്യൂണിക്കിൽ ഒപ്പുവയ്ക്കാതെ ഇന്ത്യ
India
ഉക്രൈൻ സമാധാന ഉച്ചകോടിയിൽ റഷ്യ പങ്കെടുത്തില്ല; കമ്മ്യൂണിക്കിൽ ഒപ്പുവയ്ക്കാതെ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 9:58 am

ന്യൂഡൽഹി: യുക്രൈൻ സമാധാന ഉച്ചകോടിയിലെ റഷ്യയുടെ അസാന്നിധ്യം പരിഗണിച്ച് കമ്മ്യൂണിക്കിൽ ഒപ്പ് വെക്കാതെ ഇന്ത്യ. ഉക്രൈനിന്റെ പ്രാദേശിക അഖണ്ഡതയെക്കുറിച്ച് പ്രതിപാദിക്കുന്ന കമ്മ്യൂണിക്കിൽ ഇന്ത്യയുൾപ്പെടുന്ന ലോകരാജ്യങ്ങൾ ഒപ്പുവെക്കാൻ വിസമ്മതിച്ചു.

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏത് സമാധാന ഉടമ്പടിയുടെയും അടിസ്ഥാനം ഉക്രൈനിന്റെ പ്രാദേശിക സമഗ്രതയായിരിക്കണമെന്നാണ് കമ്മ്യൂണിക്കിൽ പറയുന്നത്. രാജ്യത്തിന്റെ ഒരു ഭാഗവും റഷ്യക്ക് വിട്ട് നൽകാൻ യുക്രൈൻ തയ്യാറല്ലെന്നാണ് കമ്മ്യൂണിക്കിൽ പരാമർശിക്കുന്നുണ്ട്.

തർക്കത്തിലിരിക്കുന്ന രണ്ട് രാജ്യങ്ങളുടെയും സാന്നിധ്യം ഉണ്ടെങ്കിലേ ഇരുപക്ഷങ്ങൾക്കും സ്വീകാര്യമായ നയങ്ങൾ ഒരു ഉടമ്പടിയിൽ ഉണ്ടാവുകയുള്ളു എന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എം.ഇ.എ സെക്രട്ടറി പവൻ കപൂർ പറഞ്ഞു. തുടർന്ന് ഉക്രൈൻ മുന്നോട്ട് വെച്ച കമ്മ്യൂണിക്കിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുകയും ചെയ്തു.

‘ഇരുപാർട്ടികൾക്കും സ്വീകാര്യമായ നയങ്ങൾ വേണം ഒരു കമ്യൂണിക്കിൽ ഉണ്ടാവാൻ. അതിന് ഇരു വിഭാഗങ്ങളും ചർച്ചയിൽ പങ്കാളികളാകണം. റഷ്യയുടെ അഭാവത്തിൽ ഇത് അംഗീകരിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു.

 

ഉച്ചകോടി നടക്കുന്നതിന്റെ തലേ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ വെടിനിർത്തൽ അനുബന്ധിച്ച് ചില നിബന്ധനകൾ ഉക്രൈന് മുന്നിൽ വെച്ചിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യൻ അധിനിവേശമുള്ള ഇടങ്ങളെക്കൂടാതെ കീവ് ഉൾപ്പടെയുള്ള നാല് പ്രധാന സ്ഥലങ്ങൾ യുക്രൈൻ റഷ്യക്ക് വിട്ട് നൽകിയാൽ വെടിനിർത്തൽ കരാറുമായി മുന്നോട്ട് പോകാമെന്ന് പുടിൻ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ഇത് യുക്രൈൻ നിഷേധിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു.

റഷ്യയോടൊപ്പം ചൈനയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നത് ലോകരാഷ്ട്രങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പങ്കെടുത്ത 100 രാജ്യങ്ങളിൽ 84 രാജ്യങ്ങൾ ഉക്രൈനെ അനുകൂലിച്ച് കമ്മ്യൂണിക്കിൽ ഒപ്പുവെച്ചപ്പോൾ ഇന്ത്യ, ഇന്തോനേഷ്യ, തായ്ലന്റ്, ബ്രസീൽ,ദക്ഷിണാഫ്രിക്ക സൗദി അറേബ്യ, അർമാനിയ , ബഹ്‌റൈൻ,കൊളംബിയ, ലിബിയ , മെക്സിക്കോ, സുരിനാം തുടങ്ങിയ രാജ്യങ്ങൾ കമ്മ്യൂണിക്കിൽ ഒപ്പുവെക്കാതെ വിട്ടുനിന്നു.

സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഇന്ത്യയെ പ്രതിനിതീകരിച്ച് ഉച്ചകോടിയിൽ പങ്കെടുത്തത്. ഉന്നത തലത്തിലുള്ള മന്ത്രിമാരാരും പങ്കെടുത്തിരുന്നില്ല. ഇന്ത്യയെ മോസ്കൊ ഉച്ചകോടിയിൽ നിന്ന് മാറ്റിനിർത്താൻ ശ്രമങ്ങൾ നടന്നിരുന്നു എന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നതാണ് ഇന്ത്യയുടെ ഈ നടപടി.

 

 

 

 

 

 

Content Highlight: Russia kept out of Ukraine meet, India doesn’t sign communique