കാബൂള്‍; അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഇന്ത്യയെ ഒഴിവാക്കാന്‍ ശ്രമം. അമേരിക്കയുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ വീണ്ടും ചര്‍ച്ച നടക്കുന്നത്. സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന് റഷ്യ നിര്‍ദേശിക്കുകയായിരുന്നു.
ന്യൂദല്‍ഹിയില്‍ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കികൊണ്ടുള്ള പദ്ധതിയായിരുന്നു സമാധാനശ്രമങ്ങള്‍ക്ക് റഷ്യ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധികളെകൂടി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചര്‍ച്ചയില്‍ റഷ്യ, യു.എസ്, പാകിസ്താന്‍, ചൈന എന്നിവര്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു റഷ്യന്‍ പ്രതിനിധി അറിയിച്ചത്. പാക് താത്പര്യം മുന്‍നിര്‍ത്തിയാണ് റഷ്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം അഫ്ഗാന്‍ വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും സര്‍ക്കാരുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതുമായ ഇന്ത്യയെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന് യു.എസ് അറിയിക്കുകയായിരുന്നു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗിലാനിക്കെഴുതിയ കത്തില്‍ റഷ്യ നിര്‍ദേശിച്ച രാജ്യങ്ങളുടെ കൂടെ ഇന്ത്യയുടെ പേരു കൂടി നിര്‍ദേശിച്ചിട്ടുണ്ട്.
വിദേശകാര്യമന്ത്രി എസ്.ജയശങ്കറായിരിക്കും സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുക എന്നാണ് സൂചന. അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കപ്പട്ടാല്‍ നയതന്ത്ര മേഖലയില്‍ ഇന്ത്യക്ക് അത് തിരിച്ചടിയാകും. അതിനാല്‍ തന്നെ ചര്‍ച്ചയില്‍ ഇടംപിടിക്കുന്നത് വലിയ പ്രധാന്യത്തോടെയാണ് ഇന്ത്യ നോക്കികാണുന്നത്.