യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് റഷ്യ സോഷ്യല്‍ മീഡിയകളെ സ്വാധീനിക്കുന്നു: ഫ്രഞ്ച് വിദേശകാര്യമന്ത്രി
World News
യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് റഷ്യ സോഷ്യല്‍ മീഡിയകളെ സ്വാധീനിക്കുന്നു: ഫ്രഞ്ച് വിദേശകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2024, 1:52 pm

പാരീസ്: സോഷ്യല്‍ മീഡിയയില്‍ റഷ്യ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതായി ഫ്രാന്‍സ്. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരോട്ടാണ് റഷ്യക്കെതിരെ ആരോപണം ഉയര്‍ത്തിയത്.

യൂറോപ്യന്‍ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കമെന്നാണ് ഫ്രാന്‍സിന്റെ വാദം. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്സുമായി റഷ്യ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ജീന്‍ നോയല്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വിദേശ ഡിജിറ്റല്‍ ഇടപെടലുകള്‍ ഫ്രാന്‍സിന് ലക്ഷ്യമിട്ടും ഉണ്ടാകുന്നുണ്ടെന്നാണ് നോയല്‍ പറയുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് റഷ്യ ഇത് സാധ്യമാക്കുന്നതെന്നും നോയല്‍ ആരോപിച്ചു.

നേരത്തെ 2000ത്തിലധികം യൂറോപ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്സുമായി റഷ്യ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഫ്രഞ്ച് ദിനപത്രമായ ലെ മോണ്ടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്റലിജന്റ്സ് സേവന സ്രോതസുകളെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്നാണ് ഫ്രഞ്ച് മന്ത്രി റഷ്യക്കെതിരെ രംഗത്തെത്തിയത്. റഷ്യന്‍ നഗരമായ ക്രെംലിനുമായി ബന്ധമുള്ള ഏതാനും ആളുകള്‍ ടിക് ടോക്ക്, ഇന്‍സ്റ്റഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്സിന് പ്രചാരണം നടത്തുന്നതിനായി പണം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഇത്തരം നീക്കങ്ങള്‍ പൊതുജനങ്ങള്‍ മനസിലാക്കണമെന്നും ശരിയായ ഉപകരണങ്ങളിലൂടെ പ്രസ്തുത നടപടികളെ പ്രതിരോധിക്കണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ ഫ്രഞ്ച് മന്ത്രിയുടേത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ റഷ്യ നിഷേധിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷം വലിയ മുന്നേറ്റം നേടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ പിരിച്ചുവിടുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരമേറ്റെടുത്ത പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്ക്ക് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അധികാര നഷ്ടപ്പെട്ടിരുന്നു. ബാര്‍ണിയ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

വോട്ടെടുപ്പ് നടത്താതെ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ബജറ്റ് പാസാക്കാന്‍ തീരുമാനിച്ച ബാര്‍ണിയയുടെ തീരുമാനത്തിനെത്തിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു.

പിന്നാലെ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഫ്രാന്‍സിന്റെ പ്രധാനമന്ത്രിയായി വലതുപക്ഷക്കക്കാരനായ ഫ്രാങ്കോയിസ് ബെയ്റൂവിനെ മാക്രോണ്‍ നിയമിച്ചു.

ഇതോടെ ഈ വര്‍ഷം മൂന്നമത്തെ പ്രധാനമന്ത്രിയെയാണ് മാക്രോണ്‍ നിയമിക്കുന്നത്. മൂവ്മെന്റ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ബെയ്റൂ മാക്രോണിന്റെ മധ്യപക്ഷ സഖ്യത്തിന്റെ ഭാഗമാണ്.

Content Highlight: Russia is influencing social media to target European elections: French foreign minister