മോസ്‌കോ: എല്‍.ജി.ബി.ടി സംഘടനകളെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റഷ്യ. റഷ്യയിലെ സുപ്രീം കോടതി കഴിഞ്ഞ നവംബറില്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് എല്‍.ജി.ബി.ടി പ്രവര്‍ത്തകരെ തീവ്രവാദികളായി പ്രഖ്യാപിച്ചത്. സ്റ്റേറ്റ് മീഡിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് അനുസരിച്ച കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യ ഉത്തരവ് പുറത്ത് വിട്ടത്.
അല്‍ഖ്വയ്ദ, യു.എസ് ടെക് ഭീമന്‍ മെറ്റ, അന്തരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലസ്‌കി നവല്ലിയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങുന്ന ലിസ്റ്റിലാണ് ഇപ്പോള്‍ എല്‍.ജി.ബി.ടി പ്രസ്ഥാനത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 14000ല്‍ അധികം ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച റോസ്ഫിന്‍ മോണിറ്ററിങ് കമ്പനിയാണ് ഈ ലിസ്റ്റ് കൈകാര്യം ചെയ്യുന്നത്.
ഇന്റര്‍നാഷണല്‍ എല്‍.ജി.ബി.ടി സോഷ്യല്‍ മൂവ്‌മെന്റിനെയും അതിന്റെ സംഘടനാപരമായ യൂണിറ്റുകളെയും ആണ് ലിസ്റ്റില്‍ ചേര്‍ത്തതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ കീഴില്‍ റഷ്യ ലൈംഗികതയുടെയും ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രങ്ങളാണ് സ്വീകരിച്ചുപോരുന്നത്.
ഇന്റര്‍ ഫാക്‌സ് റിപ്പോര്‍ട്ട് അനുസരിച്ച് എല്‍.ജി.ബി.ടി പ്രചാരണം, താല്പര്യം ജനിപ്പിക്കല്‍, എല്‍.ജി.ബി.ടി പ്രസ്ഥാനത്തിലെ പങ്കാളിത്തം എന്നിവയ്‌ക്കെതിരായ നിരോധനം മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.
കമ്മ്യൂണിറ്റിയിലെ മെമ്പര്‍മാരുടെ സ്വകാര്യ ജീവിതത്തില്‍ സ്റ്റേറ്റ് ഇടപെടില്ലെന്നും എന്നാല്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതില്‍ ഇടപെടുമെന്നും പുടിന്‍ കഴിഞ്ഞമാസം പറഞ്ഞിരുന്നു. പരമ്പരാഗതമല്ലാത്ത ലൈംഗിക ബന്ധം പ്രോത്സാഹിപ്പിക്കുന്നത് കുടുംബ മൂല്യങ്ങള്‍ തകര്‍ക്കുമെന്ന് 2010ല്‍ പറഞ്ഞിട്ടുണ്ടായിരുന്നു.
Content Highlight: Russia has put the LGBT movement on the terrorist list