പ്യോയാങ്: റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള സൗഹൃദത്തിന്റെ സൂചകമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉത്തരകൊറിയക്ക് സിംഹത്തെയും കരടിയെയും സമ്മാനിച്ചതായി റിപ്പോര്‍ട്ട്. ഉക്രൈനിനെതിരായ യുദ്ധത്തിന് സഹായം നല്‍കിയതിനാണ് ഉത്തരകൊറിയയിലെ മൃഗശാലക്ക് സിംഹത്തെയും കരടിയെയും ഉള്‍പ്പെടെ 70ലധികം മൃഗങ്ങളെ സമ്മാനിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റഷ്യയുടെ പ്രകൃതി മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് എക്‌സില്‍ കുറിച്ചത്.
റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള രാഷ്ട്രീയപരവും സൈനികപരവും സാംസ്‌ക്കാരികപരവുമായ ബന്ധത്തിനടിസ്ഥാനമായാണ് മൃഗങ്ങളെ സമ്മാനിച്ചതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു ആഫ്രിക്കന്‍ സിംഹം, രണ്ട് തവിട്ട് കരടികള്‍, രണ്ട് വളര്‍ത്തു യാക്കുകള്‍, അഞ്ച് വെള്ളകൊക്കറ്റുകള്‍, വിവിധ ഇനങ്ങളിലുള്ള 25 ഫെസന്റുകള്‍, 40 മണ്ടാരിന്‍ താറാവുകള്‍ തുടങ്ങിയവയെയാണ് മോസ്‌ക്കോയിലെ മൃഗശാലയില്‍ പ്യോയാങ് മൃഗശാലയിലേക്ക് മാറ്റിയത്.
പ്രകൃതിവിഭവ മന്ത്രാലയത്തിന്റെ പോസ്റ്റ് കൂടാതെ ചരക്ക് പെട്ടികളില്‍ മൃഗങ്ങളെ സര്‍ക്കാര്‍ വിമാനത്തില്‍ നിന്ന് ഇറക്കുന്നതിന്റെയും പ്യോയാങ് മൃഗശാലയിലെ ചുറ്റുപാടില്‍ വിഹരിച്ചുകൊണ്ടിരിക്കുന്ന സിംഹത്തിന്റെ മറ്റൊരു വീഡിയോയും പ്രചരിക്കുകയുണ്ടായി.
കിം ജോങ് ഉന്നിന് പ്രിയപ്പെട്ടവയായി അറിയപ്പെടുന്ന 24 കുതിരകളെ നേരത്തെ പുടിന്‍ നേരത്തെ സമ്മാനിച്ചവയാണെന്നും സമ്മാനം ലഭിച്ചതിന് ശേഷം ഒരു ജോഡി നായകളെ കിം ജോങ് ഉന്നും പുടിനായി അയച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരു രാജ്യങ്ങളും ഈ വര്‍ഷം തുടക്കത്തില്‍ തന്നെ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ആക്രമിക്കപ്പെട്ടാല്‍ ഉടനടി സൈനിക സഹായം നല്‍കാന്‍ മറ്റൊന്ന് ബാധ്യസ്ഥരാണെന്നുമാണ് കരാര്‍.