മോസ്‌കോ: ‘വിമതര്‍’ സിറിയ പിടിച്ചതോടെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് അഭയം നല്‍കി റഷ്യ. അസദും കുടുംബവും റഷ്യയില്‍ എത്തിയെന്നും അവര്‍ക്ക് റഷ്യ അഭയം നല്‍കിയെന്നും ക്രെമിലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.
മോസ്‌കോ: ‘വിമതര്‍’ സിറിയ പിടിച്ചതോടെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന് അഭയം നല്‍കി റഷ്യ. അസദും കുടുംബവും റഷ്യയില്‍ എത്തിയെന്നും അവര്‍ക്ക് റഷ്യ അഭയം നല്‍കിയെന്നും ക്രെമിലിന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യ എപ്പോഴും സിറിയയിലെ പ്രതിസന്ധികളില്‍ രാഷ്ട്രീയ പരിഹാരത്തിനായി പരിശ്രമിച്ചിരുന്നെന്നും ഈ വിഷയത്തില്‍ യു.എന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ വേണമെന്ന് തങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നതായും റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.
‘റഷ്യന്‍ ഉദ്യോഗസ്ഥര്‍ സിറിയയിലെ സായുധ പ്രതിപക്ഷത്തിന്റെ പ്രതിനിധികളുമായി ബന്ധപ്പെട്ടിരിക്കുന്നു, അവരുടെ നേതാക്കള്‍ റഷ്യന്‍ സൈനിക താവളങ്ങളുടെയും സിറിയന്‍ പ്രദേശത്തെ റഷ്യന്‍ നയതന്ത്ര ദൗത്യങ്ങളുടെയും സുരക്ഷ ഉറപ്പുനല്‍കിയിട്ടുണ്ട്,’ റഷ്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം സിറിയയിലെ നിലവിലെ സാഹചര്യത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളോടും അക്രമം ഉപേക്ഷിക്കാനും രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും റഷ്യ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സിറിയയിലെ ‘വിമത ഗ്രൂപ്പ്’ ഡമസ്‌കസ് പിടിച്ചടക്കിയതിന് പിന്നാലെ അസദും കുടുംബവും സിറിയ വിട്ടിരുന്നു. എന്നാല്‍ വിമാനത്തില്‍ യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ വിമാനം വെടിവെച്ചിട്ടെന്നും അസദ് മരിച്ചുവെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഡമസ്‌കസ് വിമാനത്താവളം ‘വിമതര്‍’ പിടിച്ചെടുക്കുന്നതിന് തൊട്ട് മുമ്പാണ് അസദ് രാജ്യം വിട്ടത്.
അസദിന് റഷ്യ രാഷ്ട്രീയ അഭയം നല്‍കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. വിമത ഭീഷണിയെത്തുടര്‍ന്ന് അസദ് സിറിയ വിട്ടതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആസദ് എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
2015ലെ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഇടപെട്ട റഷ്യ അസദിന് ഭരണത്തില്‍ തുടരാന്‍ പിന്തുണ നല്‍കിയിരുന്നു. നിലവില്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് റഷ്യ അറിയിച്ചു. രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തില്‍ തങ്ങളുടെ പൗരന്മാര്‍ സുരക്ഷിതരാണെന്നും റഷ്യ അറിയിച്ചു.
2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നടന്നത്. 11 ദിവസത്തെ ഇടവേളയില്‍ സിറിയയിലെ നാല് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്.
ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെ ഹോംസിന്റെ പൂര്‍ണ നിയന്ത്രണവും ‘വിമതര്‍’ കൈക്കലാക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസും ‘വിമതസംഘം’ പിടിച്ചടക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അസദ് രാജ്യം വിട്ടത്.
സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ ‘വിമത ഗ്രൂപ്പാ’യ ഹയാത്ത് തഹ്രീല്‍ അല്‍-ഷാം ആണ് ഈ കലാപത്തിന് നേതൃത്വം കൊടുത്ത്. സിറിയയും റഷ്യയും അമേരിക്കയുമടക്കമുള്ള രാജ്യങ്ങള്‍ ഭീകര സംഘടനയായാണ് ഇവരെ കണക്കാക്കിയിരുന്നത്.
Content Highlight: Russia grants asylum to Syrian President Bashar al-Assad and his family