സ്‌നോഡന് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കി റഷ്യ
World News
സ്‌നോഡന് സ്ഥിര താമസത്തിനുള്ള അനുമതി നല്‍കി റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd October 2020, 8:15 pm

മോസ്‌കോ: അമേരിക്കയില്‍ നിന്നും പലായനം ചെയ്ത എഡ്വേര്‍ഡ് സ്‌നോഡന് സ്ഥിര താമസാനുമതി നല്‍കി റഷ്യ. റഷ്യന്‍ പൗരത്വം സ്വീകരിക്കാന്‍ ഇനി കൂടുതല്‍ എളുപ്പമാവുന്നതാണ് പുതിയ നടപടി.

യു.എസ് ദേശീയ സുരക്ഷാ ഏജന്‍സി പൗരന്‍മാര്‍ക്കിടയില്‍ നടത്തിയ നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ രഹസ്യ രേഖകള്‍ 2013 ല്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് സ്‌നോഡന്‍ റഷ്യയിലേക്ക് അഭയം തേടിയത്. ചാരവൃത്തിയില്‍ ക്രിമിനല്‍ വിചാരണ നേരിടാന്‍ സ്‌നോഡനെ അമേരിക്കയില്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. കഴിഞ്ഞ ആറു വര്‍ഷമായി റഷ്യയിലാണ് സ്‌നോഡന്‍ കഴിയുന്നത്.

താമസവിസ കാലാവധി പുതുക്കാന്‍ റഷ്യന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയപ്പോഴാണ് ആജീവനാന്ത താമസ വിസ ലഭിച്ചത്. അതേ സമയം സ്‌നോഡന്റെ റഷ്യന്‍ അഭിഭാഷകന്‍ ടാസ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ വിവരപ്രകാരം റഷ്യന്‍ പാസ്‌പോര്‍ട്ടിനായി നിലവില്‍ സ്‌നോഡന്‍ അപേക്ഷ നല്‍കുന്നില്ല.

ബരാക് ഒബാമയുടെ ഭരണകാലത്ത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്റുമാര്‍ യു.എസ് പൗരന്‍മാര്‍ക്കെതിരെ വ്യാപകമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് കാണിക്കുന്ന വിവരങ്ങളാണ് സ്‌നോഡന്‍ പുറത്തു വിട്ടത്. ആഗസ്റ്റ് മാസത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌നോഡന് മാപ്പു നല്‍കുന്നത് തന്റെ പരിഗണനയിലുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു പ്രമുഖ വ്യക്തിയെന്നു മാത്രമാണ് പറഞ്ഞതെന്നും സ്‌നോഡനെ അല്ല താന്‍ ഉദ്ദേശിച്ചതെന്നും ട്രംപ് തിരുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Russia gives whistleblower Edward Snowden permanent residency rights