കീവ്: ഉക്രൈനെതിരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിക്കുന്നത്.
കീവ്: ഉക്രൈനെതിരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിക്കുന്നത്.
5,800 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ പതിച്ചത് യുക്രൈനിലെ നിപ്രോയിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് നേരെയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയിലെ ആസ്ട്രക്കാന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്.
എന്നാല്‍ മിസൈല്‍ പ്രയോഗിച്ച വിവരം റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2022 ല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് റഷ്യ ഇന്റര്‍കോണ്ടിനെന്റല്‍ മിസൈലുകല്‍ പ്രയോഗിക്കുന്നത്.
ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍ അഥവാ ഐ.സി.ബി.എം.എസ് പ്രധാനമായും ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളാണ്. ഇവയുപയോഗിച്ച് രാസായുധങ്ങളും ജൈവായുദ്ധങ്ങളും പ്രയോഗിക്കാന്‍ സാധിക്കും.
റഷ്യയുടെ ആണവ പ്രതിരോധത്തിന്റെ പ്രധാന ഭാഗമാണ് ഇവ. ഇവയ്ക്ക് പുറമെ ആക്രമണസമയത്ത് ഒരു കിന്‍സാല്‍ ഹൈപ്പര്‍സോണിക് മിസൈലും ഏഴ് kh-101 ക്രൂയിസ് മിസൈലുകളും റഷ്യ വിക്ഷേപിച്ചു. എന്നാല്‍ ആറ് ക്രൂയിസ് മിസൈലുകള്‍ തടഞ്ഞുവെന്ന് ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചിട്ടുണ്ട്.
റഷ്യയുടെ ആണവായുധ നയത്തില്‍ പുടിന്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു ആക്രമണമുണ്ടായിരിക്കുന്നത്. അതിനാല്‍ ഇത് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കൊരു മുന്നറിയിപ്പ് ആണ്.
അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ ബൈഡന്‍ ഭരണകൂടം ഉക്രൈന് അനുമതി നല്‍കിയതോടെയാണ് ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചത്.
പുതിയ നയപ്രകാരം രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയായി ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ റഷ്യക്ക് അനുമതി ഉണ്ട്. അതിനാല്‍ രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് ആക്രമണങ്ങള്‍ക്കും തിരിച്ചടി നല്‍കാന്‍ റഷ്യക്ക് ആണവായുധങ്ങള്‍ ഉപയോഗിക്കാം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഉക്രൈനില്‍ നിന്നുള്ള വ്യോമാക്രമണം കടുപ്പിച്ചതോടെ ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് പുതിയ നയപ്രഖ്യാപനം ഉണ്ടാവുന്നത്.
വ്യോമാക്രണ ഭീഷണിയെത്തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിയും സ്പെയിനും ഗ്രീസുമെല്ലാം കീവിലെ നയതന്ത്ര എംബസികള്‍ അടച്ചുപൂട്ടിയിരുന്നു. കീവില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്തരമൊരു നീക്കം നടത്തിയത്.
Content Highlight: Russia fired an intercontinental missile at Ukraine