മോസ്കൊ: ഗൂഗിളിന് 20 ഡെസില്യൺ ഡോളറിന്റെ പിഴയിട്ട് റഷ്യ. ചുമത്തിയത് ഭൂമിയിലെ മൊത്തം സമ്പത്തിനേക്കാൾ കൂടുതൽ തുക. യുട്യൂബിൽ റഷ്യൻ സ്റ്റേറ്റ് ചാനലുകൾ ബ്ലോക്ക് ചെയ്തതിന് ഗൂഗിളിന് 20 ഡെസില്യൺ ഡോളർ പിഴ ചുമത്തി ഒരു റഷ്യൻ കോടതി. ഇത് ആഗോളതലത്തിൽ ഇതുവരെ ചുമത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പിഴയാണ്. 20,000,000,000,000,000,000,000,000,000,000,000 ഡോളർ ആണ് പിഴ തുക.
യൂട്യൂബ് ചാനലുകൾ പുനഃസ്ഥാപിക്കാൻ റഷ്യൻ കോടതി ഗൂഗിളിനോട് ഉത്തരവിട്ടതായി റഷ്യൻ സ്റ്റേറ്റ് മീഡിയ ടാസ് റിപ്പോർട്ട് ചെയ്തു. ഒമ്പത് മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ, അത് എല്ലാ ദിവസവും ഇരട്ടിയാക്കാൻ തുടങ്ങുമെന്ന് കേസിൽ ഉൾപ്പെട്ട ഒരു അഭിഭാഷകൻ ടാസിനോട് പറഞ്ഞു. എന്നാൽ ഗൂഗിൾ പിഴയടച്ചില്ല. തുടർന്ന് പിഴത്തുക ഓരോ ദിവസവും ഇരട്ടിയായി 20 ഡെസില്യൺ ഡോളറായി മാറുകയായിരുന്നു.
2024 ഒക്ടോബറിലെ കണക്കു പ്രകാരം ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നാണ് ആല്‍ഫാബൈറ്റ്. ഏകദേശം രണ്ട് ട്രില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ഇപ്പോഴത്തെ ആസ്തി. എന്നാല്‍, ലോകത്തെ മൊത്തം കറന്‍സിയും സ്വത്തും ചേര്‍ത്താല്‍ പോലും ഈ പിഴത്തുക കണ്ടെത്താനാവില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
2022 മാര്‍ച്ചില്‍ ആര്‍.ടി, സ്പുട്നിക് എന്നിവയുള്‍പ്പെടെ നിരവധി റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബ് ആഗോള നിരോധനം പ്രഖ്യാപിച്ചത് മുതലാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്.ആഗോളതലത്തില്‍ യൂട്യൂബ് 1,000-ലധികം ചാനലുകളും 15,000-ലധികം വീഡിയോകളും നീക്കം ചെയ്യുകയും യുക്രെയ്ന്‍ സംഘര്‍ഷത്തെ ചുറ്റിപ്പറ്റിയുള്ള റഷ്യയുടെ വിവരണങ്ങളെ പിന്തുണക്കുന്ന ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Content Highlight: Russia fines Google $20,000,000,000,000,000,000,000,000,000,000,000