വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡാം തകര്‍ന്നു, രണ്ടായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; റഷ്യയില്‍ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്
World News
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡാം തകര്‍ന്നു, രണ്ടായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു; റഷ്യയില്‍ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2024, 10:41 pm

മോസ്‌കോ: വെള്ളപ്പൊക്കത്തില്‍ ഡാം തകര്‍ന്നതിന് പിന്നാലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് റഷ്യ. യൂറാല്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെയാണ് വെള്ളപ്പൊക്കമുണ്ടായത്. കസാഖിസ്ഥാനായി അതിര്‍ത്തി പങ്കിടുന്ന നഗരത്തിലെ ഡാമാണ് തകര്‍ന്നിരിക്കുന്നത്.

തകര്‍ച്ചയില്‍ ഏകദേശം 2,000 ആളുകളെ ഒഴിപ്പിക്കാന്‍ നിര്‍ബന്ധിതരായതായി പ്രാദേശിക അധികാരികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ തുടരുകയാണ്. പ്രശ്‌ന ബാധിത പ്രദേശങ്ങളുടെ സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്ററില്‍ താഴെ 12.4 മൈല്‍ വടക്ക് ഭാഗത്തായി ഒറെന്‍ബര്‍ഗിനോട് ചേര്‍ന്ന ഓര്‍സ്‌ക് നഗരത്തിലാണ് അണക്കെട്ട് തകര്‍ന്നതെന്ന് മേയര്‍ വാസിലി കോസുപിറ്റ്‌സ പറഞ്ഞു. ശനിയാഴ്ച രാവിലെയോടെ 2,400ലധികം റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാവുകയും പല പ്രദേശങ്ങളിലും വൈദ്യുതി വിച്ഛേദിക്കപ്പെടുകയുമുണ്ടായി.

അതേസമയം 2014ല്‍ അണക്കെട്ട് നിര്‍മിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്രദ്ധയ്ക്കും നിര്‍മാണ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തിനും റഷ്യ ക്രിമിനല്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചു.

യുറല്‍ നദിയുടെ ജലനിരപ്പ് 855 സെന്റീമീറ്ററായി ഉയര്‍ന്നിട്ടുണ്ടെന്നും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വലിയ അളവില്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഡാം നിര്‍മിച്ചതെന്നും എന്നാല്‍ മഴയുടെ അളവ് ശക്തമാണെന്നും അധികൃതര്‍ പറയുന്നു.

Content Highlight: Russia evacuates people after dam collapses in floods