റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കും; പ്രഖ്യാപനവുമായി പുടിന്‍
Daily News
റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കും; പ്രഖ്യാപനവുമായി പുടിന്‍
എഡിറ്റര്‍
Wednesday, 6th December 2017, 11:56 pm

 

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് വ്ലാഡിമര്‍ പുടിന്‍ പറഞ്ഞു. റഷ്യയിലെ വോള്‍ഗാ സിറ്റിയില്‍ ഓട്ടോമൊബൈല്‍ ഫാക്ടറി തൊഴിലാളികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വീണ്ടും ആറ് വര്‍ഷം കൂടി പ്രസിഡന്റ് പദവിയിലിരിക്കാന്‍ ആഗ്രഹിക്കുന്നതായി പുടിന്‍ വെളിപ്പെടുത്തിയത്.

2000 മുതല്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ആളാണ് വ്ലാഡിമര്‍ പുടിന്‍. ഇപ്പോള്‍ 65 വയസ്സുളള പുടിന്‍ മാര്‍ച്ചില്‍ നാലാമതും പ്രസിഡന്റായാല്‍ 2024 വരെ ആറുവര്‍ഷക്കാലം കൂടി അദ്ദേഹത്തിന് ഭരിക്കാനാകും.


Also Read: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ലണ്ടന്‍ മേയര്‍


“റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് എന്റെ സ്ഥാനാര്‍ത്ഥിത്വം ഞാന്‍ മുന്നോട്ട് വെയ്ക്കുന്നു. എന്റെ സ്ഥാനാര്‍ത്ഥിത്വം മുന്നോട്ടു വയ്ക്കാന്‍ ഇതിലും നല്ല സ്ഥലമോ അവസരമോ എനിക്കില്ല.” തൊഴിലാളികളോട് അദ്ദേഹം പറഞ്ഞു. പുടിന് അനായാസം വിജയിക്കാനാകുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്.

നിലവില്‍ പുടിനെതിരായി നില്‍ക്കാന്‍ ആരും റഷ്യന്‍ രാഷ്ടീയത്തിലില്ല എന്നാണ് പറയപ്പെടുന്നത്. റഷ്യയുടെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് അലക്സി നവാനിയെ വിശ്വസിച്ചേല്‍പ്പിച്ച പണം അപഹരിച്ചെന്ന കുറ്റത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്‍പ്പിച്ചിരുന്നു. റഷ്യന്‍ ടി.വി ജേണലിസ്റ്റ് സെനിയ സോബ്ചാകും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുടിനെ തോല്‍പിക്കാന്‍ കഴിയില്ല എന്നാണ് വിലയിരുത്തല്‍.