മോസ്‌കോ: കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യ. കാൻസറിനെതിരെ എം.ആർ.എൻ.എ (mRNA ) വാക്സിൻ വികസിപ്പിച്ചുവെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാൻസർ വാക്സിനുകൾ ഉടൻ വികസിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ നേരത്തെ അറിയിച്ചിരുന്നു.
വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ കണ്ടെത്തിയെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു. സർക്കാർ നടത്തുന്ന മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഈ വാക്സിൻ 2025 ൻ്റെ തുടക്കത്തിൽ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്റർ മേധാവി ആൻഡ്രി കാപ്രിൻ പറഞ്ഞു.
ഒരു ഡോസിന് 300,000 റൂബിൾസ് (അമേരിക്കൻ ഡോളർ 2,869) ചിലവാകും. ഇത് റഷ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. രോഗികളിൽ ട്യൂമർ ഉണ്ടാകുന്നത് തടയുന്നതിനുപകരം കാൻസർ രോഗികളെ ചികിത്സിക്കുക എന്നതാണ് വാക്സിൻ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസർ രോഗികളുടെ ചികിത്സയ്ക്കായാണ് വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോർട്ട്. കാൻസർ വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യൻ കാൻസർ രോഗികളുടെ എണ്ണത്തിൽ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ എന്നാണ് റിപ്പോർട്ട്. ഏത് തരത്തിലുള്ള ക്യാൻസറിനെയാണ് വാക്സിൻ ചികിത്സിക്കാൻ ഉദ്ദേശിക്കുന്നത്, അതിൻ്റെ ഫലപ്രാപ്തി, വിതരണം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല.
2022ൽ 635,000ലധികം കേസുകൾ രേഖപ്പെടുത്തിയ റഷ്യയിൽ കാൻസർ നിരക്ക് വർധിച്ചുവരികയാണ്. റഷ്യക്കാർക്കിടയിൽ ഏറ്റവും സാധാരണമായത് വൻകുടൽ, സ്തന, ശ്വാസകോശ അർബുദങ്ങളാണെന്നാണ് റിപ്പോർട്ട്.
മെയ് മാസത്തിൽ, ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകർ ഗ്ലിയോബ്ലാസ്റ്റോമ ബാധിച്ച നാല് രോഗികളിൽ വ്യക്തിഗത വാക്സിൻ പരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ബ്രെയിൻ ക്യാൻസർ ബാധിച്ചവരെ. കുത്തിവയ്പ്പ് ഫലപ്രദമായെന്ന് പഠനം വ്യക്തമാക്കിയതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്സിനുകളുടെ രീതി. ട്യൂമർ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്സിനുകൾ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങൾക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
Content Highlight: Russia develops cancer vaccine, will distribute it for free from 2025