ചാരപ്രവര്‍ത്തി നടത്തിയെന്നാരോപിച്ച് റഷ്യയില്‍ രണ്ട് തുര്‍ക്കി മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി
World News
ചാരപ്രവര്‍ത്തി നടത്തിയെന്നാരോപിച്ച് റഷ്യയില്‍ രണ്ട് തുര്‍ക്കി മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd December 2021, 1:54 pm

ഇസ്താംബൂള്‍: ചാരപ്രവര്‍ത്തി നടത്തിയെന്ന ആരോപണമുന്നയിച്ച് റഷ്യയില്‍ രണ്ട് തുര്‍ക്കി മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് തടവിലിട്ടതായി റിപ്പോര്‍ട്ട്.

തുര്‍ക്കിയിലെ വാര്‍ത്താ വെബ്‌സൈറ്റ് ജി.സെഡ്.ടി (GZT) യിലെ മാധ്യമപ്രവര്‍ത്തകരായ നസ്ഗുല്‍ കെന്‍സെറ്റെ, എമിന്‍ കരകാക് എന്നിവരെയാണ് തടവിലിട്ടത്. ഡിസംബര്‍ 16 മുതല്‍ ഇവര്‍ തടവിലാണ്.

റഷ്യയുടെ ഖകാസ റിപബ്ലിക്കില്‍ താമസിക്കുന്ന തുര്‍ക്കിക്കാരുടെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിനിടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

മാധ്യമപ്രവര്‍ത്തകരുടെ എല്ലാ സാധനങ്ങളും കണ്ടുകെട്ടിയെന്നും അവരുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ ഡാറ്റയും റഷ്യന്‍ അധികൃതര്‍ ഡിലീറ്റ് ചെയ്തുവെന്നും ജി.സെഡ്.ടി വെബ്‌സൈറ്റ് അറിയിച്ചു.

ഖകാസിയന്‍ തലസ്ഥാനമായ അബാക്കനിലെ പുനരധിവാസ കേന്ദ്രത്തിലാണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്. വ്യത്യസ്ത സെല്ലുകളിലാണ് ഇവര്‍.

10 ദിവസത്തെ തടവിന് ശേഷം ഇരുവരെയും നാടുകടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലഭിക്കുന്ന വിവരമനുസരിച്ച് 10 ദിവസത്തെ കസ്റ്റഡി സമയം വീണ്ടും നീട്ടുന്നതിനായി റഷ്യന്‍ അധികൃതര്‍ നടപടികള്‍ വൈകിക്കുകയും മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയുമാണെന്നാണ് തുര്‍ക്കി മാധ്യമം പറയുന്നത്.

മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ റഷ്യ നടത്തുന്നതെന്നും തുര്‍ക്കി മാധ്യമം പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തടവില്‍ ഭക്ഷണവും വെള്ളവുമടക്കമുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് വേണ്ടി ബുദ്ധിമുട്ടുകയാണെന്നാണ് അവര്‍ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Russia detains 2 Turkish journalists for allegedly spying