റഷ്യയ്ക്ക് 'ഫൈവ്‌സറ്റാര്‍' ജയം; സൗദിയ്ക്ക് സങ്കടപ്പെരുന്നാള്‍
World cup 2018
റഷ്യയ്ക്ക് 'ഫൈവ്‌സറ്റാര്‍' ജയം; സൗദിയ്ക്ക് സങ്കടപ്പെരുന്നാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th June 2018, 10:37 pm

മോസ്‌കോ: ലുഷ്‌കിനി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ലോകകപ്പ് മത്സരത്തില്‍ ആതിഥേയരായ റഷ്യ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. പന്ത്രണ്ടാം മിനുട്ടിലും 43ാം മിനുട്ടിലും 73ാം 91ാം 94ാം മിനുട്ടിലുമാണ് ഗോളുകള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകളടിച്ച ചെറിഷേവ് ഇരട്ടഗോളുകളടിച്ചു.

റഷ്യ ഉണര്‍ന്നു കളിച്ച മത്സരത്തില്‍ യൂറി ഗസയ്‌ന്‌സ്‌കിയാണ് ആദ്യ ഗോള്‍ അടിച്ചത്. പന്ത്രണ്ടാം മിനുട്ടില്‍ ലെഫ്റ്റ് വിങ്ങില്‍ നിന്ന് ലഭിച്ച കിക്ക് യൂറി വലയിലാക്കുകയായിരുന്നു. അടുത്ത മൂന്നു ഗോളുകളും പകരക്കാരായി എത്തിയവരാണ് നേടിയത്. 43, 73 മിനുട്ടില്‍ ഗോളുകളടിച്ച ചെറിഷേവ് പകരക്കാരനായാണ് ഇറങ്ങിയത്. പരിക്ക് പറ്റി കയറിയ മിഡ്ഫീല്‍ഡര്‍ സഗേവിന് പകരം ഇറങ്ങിയതായിരുന്നു ചെറിഷേവ്.

91ാം മിനുട്ടില്‍ മൂന്നാംഗോള്‍ നേടിയത് ആര്‍ടെം സ്യൂബയാണ് പകരക്കാരനായി ഇറങ്ങി നിമിഷങ്ങള്‍ക്കകമാണ് സ്യൂബയുടെ ഗോള്‍. 94ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ഗൊലോവിന്‍ ഫ്രീകിക്കിലൂടെയും ഗോള്‍ നേടി.

മത്സരത്തില്‍ ഗോള്‍ പൊസഷനില്‍ സൗദിയായിരുന്നു മുന്നിലെങ്കിലും റഷ്യ അക്രമിച്ചു കളിക്കുകയായിരുന്നു. 78011 പേരാണ് മത്സരം കാണാനെത്തിയത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍, ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോ, സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ മത്സരം കാണാനെത്തിയിരുന്നു.

ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ റഷ്യ 1990-ന് ശേഷം ഇതാദ്യമായാണ് പോരാട്ടത്തിനിറങ്ങുന്നത്. 1966-ല്‍ സോവിയറ്റ് യൂണിയനെന്ന പേരില്‍ സെമിയിലെത്തിയ ശേഷം ലോകകപ്പില്‍ കാര്യമായ മേല്‍വിലാസങ്ങള്‍ സൃഷ്ടിക്കാന്‍ റഷ്യയ്ക്ക് കഴിഞ്ഞിരുന്നില്ല.