കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. വോള്‍നോവോഗ, മരിയോപോള്‍ എന്നീ രണ്ട് പ്രധാന മേഖലകളിലാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മണിക്കൂറിനുള്ളില്‍, ഉക്രൈന്‍ പ്രാദേശികസമയം രാവിലെ 10 മണിയോടുകൂടി വെടിനിര്‍ത്തല്‍ നിലവില്‍ വരും. ഉക്രൈനില്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കാനാണ് റഷ്യയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിരിക്കുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.
കീവ്, ഖര്‍ക്കീവ്, സുമി, ചെര്‍ണിഹോവ് എന്നീ സ്ഥലങ്ങളിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനത്തിന് പുതിയ തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളികളുള്‍പ്പെടെയുള്ളവര്‍ കൂടുതലായും കുടുങ്ങിക്കിടക്കുന്ന പ്രദേശമാണ് ഖാര്‍ക്കീവ്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ വെടിനിര്‍ത്തല്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷ.
അതേസമയം, എത്ര സമയത്തേക്കായിരിക്കും വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ടാകുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഏകദേശം ആറ് മണിക്കൂറെങ്കിലും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Content Highlight: Russia declared temporary cease fire in Ukraine