| Thursday, 28th July 2022, 3:02 pm

2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ വിടാന്‍ റഷ്യ; അമേരിക്കന്‍ കണക്കുകൂട്ടലുകള്‍ക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: 2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ വിടാനും സ്വന്തമായി ഓര്‍ബിറ്റല്‍ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കാനുമുള്ള റഷ്യയുടെ തീരുമാനം കൂടുതല്‍ ചര്‍ച്ചയാകുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐ.എസ്.എസ്) 2024ന് ശേഷം സഹകരിക്കാനില്ലെന്ന തരത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായത്. ഇതോടെ പാശ്ചാത്യ രാജ്യങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്റെ ആയുസ് 2030 വരെ നീട്ടാമെന്ന യു.എസിന്റെ കണക്കുകൂട്ടലുകള്‍ക്കാണ് റഷ്യന്‍ തീരുമാനം തിരിച്ചടിയായിരിക്കുന്നത്.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ പുതിയ തലവന്‍ യൂറി ബൊറിസോവായിരുന്നു റഷ്യയുടെ പിന്മാറ്റം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തിയത്.

”2024ന് ശേഷം ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനുമായി സഹകരിക്കില്ല. സ്വന്തമായി ബഹിരാകാശ നിലയം (ഓര്‍ബിറ്റല്‍ ഔട്ട്‌പോസ്റ്റ്) സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,” എന്നായിരുന്നു യൂറി ബൊറിസോവിന്റെ പ്രസ്താവന.

”തീര്‍ച്ചയായും, പങ്കാളികളോടുള്ള എല്ലാ ബാധ്യതകളും ഞങ്ങള്‍ നിറവേറ്റും. എന്നാല്‍ 2024ന് ശേഷം സ്റ്റേഷന്‍ വിടാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു,” യൂറി ബൊറിസോവ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിഷയത്തില്‍ റഷ്യയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് നാസയുടെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ ഡയറക്ടര്‍ റോബിന്‍ ഗേറ്റന്‍സ് പ്രതികരിച്ചത്. റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം വഷളായതിന്റെ പ്രതിഫലനമാണ് റഷ്യയുടെ പുതിയ തീരുമാനമെന്നും വിലയിരുത്തലുകളുണ്ട്.

ഇതിനിടെ, 2028 വരെ റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭാഗമായി തുടരും എന്ന തരത്തിലും ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

1998ലായിരുന്നു റഷ്യയും യു.എസും ചേര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. യു.എസിനും റഷ്യക്കും പുറമെ ജപ്പാനും കാനഡയുമാണ് മള്‍ട്ടിനാഷണല്‍ പ്രോജക്ടായ ഐ.എസ്.എസിന്റെ ഭാഗമായുള്ളത്.

Content Highlight: Russia decided to quit International Space Station after 2024, a backlash for America’s calculations

We use cookies to give you the best possible experience. Learn more