ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചാനല്‍ നാസി ചിഹ്നങ്ങളെ നോര്‍മലൈസ് ചെയ്യുന്നു: റഷ്യന്‍ വിദേശകാര്യ മന്ത്രാലയം
World News
ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ചാനല്‍ നാസി ചിഹ്നങ്ങളെ നോര്‍മലൈസ് ചെയ്യുന്നു: റഷ്യന്‍ വിദേശകാര്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 12:50 pm

മോസ്‌കോ: ഇറ്റാലിയന്‍ സര്‍ക്കാരിന് കീഴിലുള്ള ഔദ്യോഗിക വാര്‍ത്താ ചാനലായ ആര്‍.എ.ഐ(റേഡിയോ ടെലിവിഷനെ ഇറ്റാലിയാനെ) നാസി ചിഹ്നങ്ങള്‍ നോര്‍മലൈസ് ചെയ്യുന്നുവെന്ന പരാതിയുമായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം.

കഴിഞ്ഞ ദിവസം നാസി ചിഹ്നമുള്ള തൊപ്പി ധരിച്ച് നില്‍ക്കുന്ന ഉക്രൈന്‍ സൈനികനുമായി ആര്‍.എ.ഐയുടെ ഒരു റിപ്പോര്‍ട്ടര്‍ അഭിമുഖം നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രസ്താവന. ആര്‍.എ.ഐ റിപ്പോര്‍ട്ടറുടെ പ്രവര്‍ത്തി തരംതാണതാണെന്ന് പറഞ്ഞ റഷ്യ, പാശ്ചാത്യ മാധ്യമങ്ങള്‍ നിയോ നാസികളുടെ ബോധപൂര്‍വ്വമായ തിരിച്ച് വരവിന് വഴിയൊരുക്കുന്നുണ്ടെന്നും വിമര്‍ശിച്ചു.

റഷ്യയുടെ അധീനതയിലുള്ള കുര്‍സ്‌ക് മേഖലയില്‍ ആര്‍.എ.ഐ യുടെ റിപ്പോര്‍ട്ടര്‍മാര്‍ അനധികൃതമായി പ്രവേശിച്ചു എന്നതിന്റെ പേരില്‍ ഇറ്റലി സ്വന്തം രാജ്യത്തേക്ക് തിരിച്ച് വിളിച്ചിരുന്നു. റഷ്യയുടെ അതിര്‍ത്തി കടന്നുള്ള അക്രമണത്തെപ്പറ്റി ഉക്രൈന്‍ സൈനികരുമായി ചേര്‍ന്ന് ആര്‍.എ.ഐ കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെയാണ് വിമര്‍ശനം.

‘പാശ്ചാത്യ മാധ്യമങ്ങള്‍ ഉക്രൈനിയന്‍ നിയോ-നാസികളുടെ ബോധപൂര്‍വ്വമായ തിരിച്ചുവരവിനാണ് വഴിയൊരുക്കുന്നത്. നാസി ചിഹ്നം ധരിച്ച ഉക്രൈന്‍ പട്ടാളക്കാരനുമായി അഭിമുഖം നടത്തിയ ഇതേ അവതാരകന്‍ കഴിഞ്ഞ ദിവസം തീവ്ര വലത് പക്ഷമായ നിയോ-നാസിയെ മഹത്വവല്‍ക്കരിക്കുന്ന ഒരു റിപ്പോര്‍ട്ടും അവതരിപ്പിച്ചിരുന്നു.

നിലവിലെ വീഡിയോയില്‍ കാണുന്ന ചിഹ്നം രണ്ടാം ലോകമഹായുദ്ധകാലത്ത് യുദ്ധക്കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട ‘സഖരോവ’ എന്ന എസ്.എസ് സംഘടനയുടേതാണ്. വരും കാലങ്ങളില്‍ ഇവര്‍ ഈ സംഘടനയെപ്പറ്റി ‘ഉക്രോനാസി’യെ ഉപയോഗിച്ച് ഒരു വലിയ സ്‌റ്റോറി തന്നെ ചെയ്യാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇത്തരം ആളുകള്‍ ഒരു കാര്യം മനസ്സിലാക്കണം, ഈ എസ്.എസ് ഡിവിഷന്‍ എന്ന സംഘടന 1994ല്‍ ഇറ്റാലിയന്‍ നഗരമായ മര്‍സാബോട്ടൊയില്‍ വെച്ച് ഏകദേശം 1,830 ജനങ്ങളെ കൂട്ടക്കുരുതി ചെയ്തിരുന്നു.

അതില്‍ 200 പേര്‍ കുട്ടികളായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്തെ ഏറ്റവും വലിയ ക്രൂരകൃത്യങ്ങളില്‍ ഒന്നായിരുന്നു അത്,’ റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സക്കറോവ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ആര്‍.എ.ഐ റിപ്പോര്‍ട്ടറായ പിയനറെല്ലി, നാസി ചിഹ്നമുള്ള കാക്കി തൊപ്പി ധരിച്ച ഉക്രൈന്‍ റിപ്പോര്‍ട്ടറുമായി സംസാരിക്കുന്ന ഒരു വീഡിയോ ആര്‍.എ.ഐ ന്യൂസ് 24 എന്ന വാട്ടര്‍ മാര്‍ക്കോടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് പിയനറെല്ലിയുടെ അക്കൗണ്ടില്‍ നിന്ന് തന്നെ ഈ വീഡിയോ നീക്കം ചെയ്യപ്പെട്ടു.

Content Highlight: Russia criticize Italy’s official channel reporter interviewing Ukraine army who is wearing Nazi symbol hat