| Thursday, 10th June 2021, 7:53 am

നവാല്‍നിയുടെ സംഘടനയെ തീവ്രവാദികളായി പ്രഖ്യാപിച്ച് റഷ്യ; പോസ്റ്റര്‍ ഷെയര്‍ ചെയ്തവര്‍ വരെ തടവിലായേക്കാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി സ്ഥാപിച്ച സംഘടനകളെ തീവ്രവാദികളായി പ്രഖ്യാപിച്ച് റഷ്യന്‍ കോടതി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെയുള്ള വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്ന് നവാല്‍നിയെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെട്ടു.

ബുധനാഴ്ചയാണ് മോസ്‌കോ സിറ്റി കോടതിയുടെ വിധി വന്നത്. നവാല്‍നി സ്ഥാപിച്ച ഫൗണ്ടേഷന്‍ ഫോര്‍ ഫൈറ്റിംഗ് കറപ്ഷനും റഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള സംഘടനയുടെ റീജിയണല്‍ ഓഫീസുകള്‍ക്കും ഇനി സര്‍ക്കാര്‍ ഓഫീസുകളെ സമീപിക്കാനാവില്ല.

സംഘനടയെ തീവ്രവാദ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതോടെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയെല്ലാം ഇനി കടുത്ത നിയമനടപടികളുണ്ടാകും.

സംഘടനയുടെ പ്രവര്‍ത്തകര്‍, ഏതെങ്കിലും രീതിയിലുള്ള ചെറിയ സാമ്പത്തിക സഹായം വരെ നല്‍കിയവര്‍, സംഘടനയുടെ കുറിപ്പുകളോ പ്രസ്താവനകളോ ചിത്രമോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങി ആര്‍ക്കും വര്‍ഷങ്ങളോളം തടവുശിക്ഷ ലഭിച്ചേക്കാം.

നിലവില്‍ 30 ഗ്രൂപ്പുകളെയാണ് റഷ്യ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഐ.എസ്.ഐ.എസ്, അല്‍ – ഖ്വയ്ദ, യഹോവാസ് വിറ്റ്‌നെസ് എന്നിവ ഇതില്‍ ചിലതാണ്. ഇക്കൂട്ടത്തിലേക്ക് പുടിനെ വിമര്‍ശിക്കുന്നവരെ ഉള്‍പ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

കടുത്ത പുടിന്‍ വിമര്‍ശകനായിരുന്ന നവാല്‍നിയെ ഫെബ്രുവരിയിലാണ് പുടിന്‍ സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തേക്ക് ജയിലലടിച്ചത്. 2020 ഓഗസ്റ്റില്‍ സൈബീരിയയില്‍ നിന്നും മോസ്‌കോവിലേക്കുള്ള വിമാനയാത്രക്കിടെ വിഷബാധയേറ്റ അലക്സി നവാല്‍നി ആഴ്ചകളോളം കോമയിലായിരുന്നു. പിന്നീട് മോസ്‌കോയിലെത്തിയ ഇദ്ദേഹത്തെ പരോള്‍ ലംഘിച്ചുവെന്ന കുറ്റത്തിന് ജയിലിടുകയായിരുന്നു.

റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കവെയാണ് പുടിന്‍ സര്‍ക്കാര്‍ നവാല്‍നിയെ ജയിലില്‍ അടച്ചത്. തുടര്‍ന്ന് നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട റഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പ്രതിഷേധിച്ചവരെ സൈന്യത്തെയും പൊലീസിനെയും ഉപയോഗിച്ചാണ് പുടിന്‍ സര്‍ക്കാര്‍ നേരിട്ടത്.

ഇതിനിടെ ജയിലില്‍ നിരാഹാരമിരുന്നതിനെ തുടര്‍ന്ന് നവാല്‍നിയുടെ ആരോഗ്യനില മോശമായിരുന്നു. നവാല്‍നിയുടെ സ്ഥിതി വഷളാവുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുടിന്‍ സര്‍ക്കാരിനെതിരെ വീണ്ടും ഉയര്‍ന്നുവന്നത്.

നവാല്‍നിയെ തടവിലാക്കിയതിനും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയതിനുമെതിരെ പുടിനെതിരെ ലോകനേതാക്കള്‍ വരെ രംഗത്തുവന്നിരിക്കുന്ന ഘട്ടത്തിലാണ് സംഘടനയെ തീവ്രവാദികളായി പ്രഖ്യാപിച്ചുകൊണ്ട് റഷ്യ രംഗത്തുവന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Russia court bans Navalny groups labels them extremists

We use cookies to give you the best possible experience. Learn more