മോസ്‌കോ: ഇന്ത്യയിലെ ഉന്നത ബി.ജെ.പി നേതാവിനെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ട ഐ.എസ്. ഭീകരനെ പിടികൂടിയെന്ന അവകാശവാദവുമായി റഷ്യ. മധ്യേഷ്യന്‍ രാജ്യത്തെ ഐ.എസ് ഭീകരനെയാണ് പിടികൂടിയതെന്ന് റഷ്യന്‍ കുറ്റാന്വേഷണ ഏജന്‍സി അറിയിച്ചു.
തടവിലാക്കിയ ഇയാളെ ഐ.എസ് നേതാക്കളില്‍ ഒരാളാണ് തുര്‍ക്കിയിലെ ചാവേറായി റിക്രൂട്ട് ചെയ്തതെന്നും പ്രസ്താവനയില്‍ പറയുന്നു. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ്(എഫ്.എസ്.ബി) ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
‘തുര്‍ക്കിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഐ.എസ്. ഭീകരനെ പിടികൂടി. ഇയാള്‍ തുര്‍ക്കിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട വിദേശ പൗരനാണ്. മധ്യേഷ്യന്‍ രാജ്യത്താണ് ഇയാള്‍ ജനിച്ചത്.
ഇന്ത്യയിലെ ഭരണ വൃത്തങ്ങളുടെ പ്രതിനിധികളില്‍ ഒരാള്‍ക്കെതിരെ സ്വയം പൊട്ടിത്തെറിച്ച് ഭീകരപ്രവര്‍ത്തനം നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇയാളെ റഷ്യയുടെ എഫ്.എസ്.ബി കണ്ടെത്തി തടഞ്ഞുവെച്ചു. ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്താനും പദ്ധതിയിട്ടിരുന്നു’, അതോറിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാന്‍ ഇയാള്‍ റഷ്യയിലെ ഒരു പ്രവിശ്യയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും അവിടെവെച്ച് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ പിടികൂടുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.