| Friday, 18th March 2022, 9:58 am

ക്രിമിയ സ്വന്തമാക്കിയതിന്റെ എട്ടാം വര്‍ഷം ആഘോഷിച്ച് റഷ്യ; 'ക്രിമിയന്‍ സൗഭാഗ്യ'ങ്ങളെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ റഷ്യന്‍ സ്‌പോണ്‍സേര്‍ഡ് പരസ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ക്രിമിയ രാജ്യത്തിന്റെ ഭാഗമായതിന്റെ എട്ടാം വര്‍ഷം ആഘോഷിക്കുകയാണ് റഷ്യ. 2014 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടപ്പാക്കിയ സൈനിക നീക്കങ്ങളിലൂടെയാണ് ഉക്രൈനിന്റെ ഭാഗമായിരുന്ന ക്രിമിയന്‍ പെനിന്‍സുലയെ റഷ്യ അവരുടെ രാജ്യവുമായി ചേര്‍ക്കുന്നത്.

2014 ഫെബ്രുവരി 27ന് റഷ്യന്‍ സൈന്യം ക്രിമിയന്‍ പാര്‍ലമെന്റായ സുപ്രീം കൗണ്‍സില്‍ പിടിച്ചെടുക്കുകയും, തുടര്‍ന്ന് സെര്‍ജി അക്‌സ്യോനോവിന്റെ നേതൃത്വത്തിലുള്ള പ്രോ റഷ്യന്‍ സര്‍ക്കാരിനെ ക്രിമിയയില്‍ ഭരണത്തിലേറ്റുകയുമായിരുന്നു. മാര്‍ച്ച് 16ന് റഷ്യ ക്രിമിയയെ സ്വതന്ത്രമായി പ്രഖ്യാപിക്കുകയും ചെയ്തു.

2014 മാര്‍ച്ച് 18ന് ക്രിമിയയെ, റിപബ്ലിക് ഓഫ് ക്രിമിയ, ഫെഡറല്‍ സിറ്റി ഓഫ് സെവസ്റ്റൊപോള്‍ എന്നിങ്ങനെ രണ്ട് റഷ്യന്‍ ഫെഡറല്‍ സബ്ജക്ടുകളായി റഷ്യയുടെ ഭാഗമാക്കുന്നുവെന്ന് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ എട്ടാം വാര്‍ഷികമാണ് കഴിഞ്ഞദിവസം റഷ്യ ആഘോഷിച്ചത്.

ഇതിന്റെ ഭാഗമായി ‘2014ന് മുമ്പും ശേഷവും ക്രിമിയ’ എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്ന റഷ്യന്‍ സ്‌പോണ്‍സേര്‍ഡ് കണ്ടന്റുകള്‍ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ സ്‌പോണ്‍സേര്‍ഡ് പരസ്യവാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപൊവിന്റെ സന്ദേശവും ഇതിനൊപ്പമുണ്ട്.

”2014ല്‍ ക്രിമിയ റഷ്യയുടെ ഭാഗമായത് മുതല്‍ പെനിന്‍സുലയിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ട് വരികയാണ്. ക്രിമിയയുടെ വളര്‍ച്ചാനിരക്ക് റഷ്യയുടെ മറ്റേത് ഭാഗങ്ങളെക്കാളും ഉയര്‍ന്ന് വരികയാണ്.

ഇന്ന് ക്രിമിയക്ക് സുസ്ഥിരമായ ഒരു പ്രാദേശിക സമ്പദ് വ്യവസ്ഥയുണ്ട്. നിര്‍മാണ- വ്യവസായ മേഖലകളിലെല്ലാം ക്രിമിയ വളരുകയാണ്.

2021ലെ ഫൈനാന്‍ഷ്യല്‍ റിസള്‍ട്ട് പ്രകാരം, 2013മായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രിമിയയിലെ വ്യാവസായിക നിര്‍മാണ തോത് 2.37 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.

ഭക്ഷ്യം, കെമിക്കല്‍ ഇന്‍ഡസ്ട്രി, ഊര്‍ജം, എഞ്ചിനീയറിങ്, നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കള്‍ എന്നീ സെക്ടറുകളില്‍ ഉണ്ടായ വികസനമാണ് ഇതിന് കാരണം. കാര്‍ഷിക രംഗത്തും പരമ്പരാഗത ടൂറിസം മേഖലയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണിത്.

ജല വിതരണ രംഗത്ത് ക്രിമിയ നേരിട്ടിരുന്ന പ്രശ്‌നവും പരിഹരിക്കപ്പെട്ടു. 100 കിലോമീറ്ററോളം പുതിയ പൈപ്പ്‌ലൈന്‍ കൊണ്ടുവന്നു. ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ മാറ്റമാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. 2015ന് ശേഷം 950 കിലോമീറ്ററിലധികം റോഡുകളാണ് ക്രിമിയയില്‍ റെനൊവേറ്റ് ചെയ്തത്.

ക്രിമിയയുടെ ടൂറിസം- റിസോര്‍ട്ട് വ്യവസായരംഗം ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. 2021ല്‍ 9.5 മില്യണ്‍ ജനങ്ങളാണ് ക്രിമിയയില്‍ അവരുടെ വെക്കേഷന്‍ ആഘോഷിച്ചത്. 2014 മുതലുള്ള എട്ട് വര്‍ഷത്തില്‍ ഏകദേഷം അഞ്ച് കോടി ടൂറിസ്റ്റുകളെ ക്രിമിയന്‍ പെനിന്‍സുല സ്വാഗതം ചെയ്തു.

ഇന്ന് ക്രിമിയയില്‍ ഔദ്യോഗികമായി മൂന്ന് സ്‌റ്റേറ്റ് ഭാഷകളാണുള്ളത്, റഷ്യ, ക്രമിയിയന്‍ ടാടര്‍, ഉക്രൈനിയന്‍. ദ്വിഭാഷാ ഫോര്‍മാറ്റില്‍ നല്‍കിയിരുന്ന നിര്‍ദേശങ്ങളെല്ലാം ജനങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് റഷ്യന്‍ മീഡിയത്തിലേക്ക് മാറ്റി.

എട്ട് വര്‍ഷത്തെ സമയത്തിനുള്ളില്‍ 40 പുതിയ പള്ളികള്‍ ക്രിമിയയില്‍ നിര്‍മിക്കപ്പെട്ടു. 4000 പേര്‍ക്കിരിക്കാവുന്ന കപാസിറ്റിയില്‍ നിര്‍മിക്കുന്ന മുഖ്യ കത്തീഡ്രല്‍ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

സ്വദേശികള്‍ക്കുള്ളത് പോലെ വിദേശ അതിഥികള്‍ക്ക് മുന്നിലും ക്രിമിയയെ തുറന്നിട്ടിരിക്കുകയാണ്. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്‍സോടെ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും പ്രതിനിധികള്‍ തുടര്‍ച്ചയായി പെനിന്‍സുല സന്ദര്‍ശിക്കുന്നുണ്ട്.

ക്രിമിയയുമായി ബിസിനസ് ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനൊപ്പം അവര്‍ ഇവിടെ നിക്ഷേപ സാധ്യതകളും തേടുകയാണ്. അവസരങ്ങളുടെ പുതിയ ലോകത്തേക്ക് തുറന്നുകിടക്കുന്ന ഒരു പ്രദേശമാണ് ഇന്ന് ക്രിമിയ,” ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച റഷ്യന്‍ സ്‌പോണ്‍സേര്‍ഡ് കണ്ടന്റില്‍ പറയുന്നു.


Content Highlight: Russia celebrates 8 years of annexation of Crimea, from Ukraine

We use cookies to give you the best possible experience. Learn more