| Friday, 25th February 2022, 7:56 am

ചെര്‍ണോബില്‍ വീണു; ആക്രമണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് പുടിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രിപ്യാറ്റ്: ചെര്‍ണോബില്‍ പിടിച്ചെടുത്ത് റഷ്യന്‍ സൈന്യം. 1986ല്‍ ആണവദുരന്തമുണ്ടായ റിയാക്ടറുകള്‍ ഉള്‍പ്പെടുന്ന മേഖലയാണ് റഷ്യന്‍ സൈന്യം പിടിച്ചടുത്തത്. റഷ്യന്‍ സൈന്യം എത്തിയെന്ന് ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ചെര്‍ണോബിലും റഷ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

റഷ്യയുടെ തന്നെ ഭാഗമായ ബെലറൂസ് വഴിയാണ് സൈന്യം ചെര്‍ണോബിലിലെത്തിയത്. 1986ല്‍ ലോകത്തെ നടുക്കിയ ആണവ ദുരന്തത്തിന് ശേഷം ആണവനിലയം പ്രവര്‍ത്തനരഹിതമാണ്.

ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെര്‍ണോബിലില്‍ പയറ്റിയിരിക്കുന്നത്. ചെര്‍ണോബില്‍ ആണവനിലയത്തില്‍ ആക്രമണം നടത്തിയാല്‍ അതിന്റെ വരും വരായ്കകള്‍ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ റഷ്യ അതിന് മുതിരില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

അതേസയം, ഉക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് താന്‍ ആക്രമണം നടത്തിയതെന്നായിരുന്നു പുടിന്‍ വ്യക്തമാക്കിയത്.

റഷ്യയുടെ സുരക്ഷയെ കരുതി ഉക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴികളില്ലായിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 137 പേരാണ് റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉക്രൈന്‍ സൈനികരും സാധാരണ പൗരന്‍മാരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, യു.കെയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി രംഗത്തെത്തി. ഉപരോധമടക്കമുള്ള നടപടികളുമായാണ് ഈ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഒരു സഖ്യമെന്ന രീതിയില്‍ സൈന്യത്തെ അയച്ച് നാറ്റോ ഒരു തരത്തിലും ഉക്രൈനെ സഹായിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

സൈന്യത്തെ അയച്ചു കൊണ്ട് ഉക്രൈനെ ഒരു രീതിയിലും സഹായിക്കില്ലെന്നും, എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ രക്ഷയ്ക്കായി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കുമെന്നും അവര്‍ വ്യക്തമാക്കി. കരസേന-നാവികസേന-വ്യോമസേന എന്നിവയെയായിരിക്കും തങ്ങളുടെ അതിര്‍ത്തിയില്‍ വിന്യസിക്കുക എന്നാണ് നാറ്റോയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

27 യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ള 30 സൈനികരാഷ്ട്രങ്ങളുടെ സഹായമാണ് നാറ്റോയുടെ നടപടിയോടെ ഉക്രൈന് നഷ്ടമായിരിക്കുന്നത്.

എന്നാല്‍ ഉക്രൈന് ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്ന രാജ്യങ്ങള്‍ക്ക് അത് തുടരാമെന്നും, നാറ്റോ ഒരു സഖ്യമെന്ന നിലയില്‍ സൈനിക നടപടികള്‍ക്കില്ല എന്നുമാണ് നാറ്റോ വ്യക്തമാക്കിയത്.

ഉക്രൈന്റെ തലസ്ഥാന നഗരിയായ കീവിലടക്കം ശക്തമായ ആക്രമണമാണ് റഷ്യ അഴിച്ചുവിടുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ റഷ്യന്‍ കരസേനയും അതിര്‍ത്തി ഭേദിച്ച് ഉക്രൈനില്‍ പ്രവേശിച്ചിരുന്നു. ഉക്രൈന്റെ കര, നാവിക, വ്യോമ കേന്ദ്രങ്ങളിലാണ് കനത്ത ആക്രമണം നടത്തിയത്.

വടക്ക് ബെലറൂസ്, തെക്ക് ഒഡേസ, കിഴക്ക് ഡോണ്‍ബാസ് എന്നീ അതിര്‍ത്തികള്‍ വഴിയും കരിങ്കടല്‍ വഴിയുമാണ് ആക്രമണം. കീവ് കൂടാതെ ഉക്രൈനിലെ വടക്ക് കിഴക്ക് ഭാഗത്തെ വലിയ നഗരമായ ഖര്‍ഗീവ്, ക്രമറ്റോസ്, ഡിപ്രോ, മരിയ പോള്‍, ഒഡേസ, സെപോര്‍സിയ എന്നിവിടങ്ങളില്‍ വ്യോമാക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Russia Captures Chernobyl

We use cookies to give you the best possible experience. Learn more