ലൗസെയ്ന്‍: റഷ്യക്ക് അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ നിന്നു വിലക്ക്. ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (വാഡ) നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അടുത്തവര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിലും അതേവര്‍ഷം തന്നെ ബെയ്ജിങ്ങില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്‌സിലും റഷ്യക്കു പങ്കെടുക്കാനാകില്ല.
എന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന യൂറോകപ്പില്‍ പങ്കെടുക്കാം. യൂറോപ്യന്‍ ഗവേണിങ് ബോഡിയായ യുവേഫയെ പ്രധാന സംഘടനയായി വാഡ അംഗീകരിച്ചിട്ടില്ലാത്തതിനാലാണ് ഈ ഇളവ് ലഭിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ വെച്ച് വാഡയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഐകകണ്‌ഠേന ഈ തീരുമാനമെടുത്തത്. 21 ദിവസത്തിനകം റഷ്യക്ക് ഇതിനെതിരെ അപ്പീല്‍ നല്‍കാം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കായികതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചാണു വിലക്ക്. റഷ്യയുടെ കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്നുവെന്നു നേരത്തേ തെളിഞ്ഞിരുന്നു.