| Wednesday, 21st September 2022, 8:46 pm

ഉക്രൈന്‍ അധിനിവേശം വന്‍ തിരിച്ചടിയായി, ഇനി ആഭ്യന്തര മത്സരം കളിക്കുകയേ നിര്‍വാഹമുള്ളൂ; യൂറോ കപ്പില്‍ നിന്നും റഷ്യക്ക് വിലക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഷ്യയെ പങ്കെടുപ്പിക്കില്ലെന്ന യുവേഫ പ്രഖ്യാപിച്ചു. യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫ ചൊവ്വാഴ്ചയാണ് റഷ്യയ്ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം പുറത്ത് വിടുന്നത്.

ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയെ യൂറോ കപ്പ് കളിപ്പിക്കില്ലെന്ന് സംഘടന തീരുമാനിച്ചത്. അധിനിവേശം നടത്തി ദിവസങ്ങള്‍ക്ക് ശേഷം തന്നെ യുവേഫയും ലോക ഫുട്ബോള്‍ ബോഡിയായ ഫിഫയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യന്‍ ടീമുകളെ വിലക്കിയിരുന്നു. പിന്നാലെ 2024 യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളും ടീമിന് നഷ്ടമായി.

ജൂലൈയില്‍ ഫിഫയുടെയും യുവേഫയുടെയും തീരുമാനത്തിനെതിരെ റഷ്യന്‍ സോക്കര്‍ ഫെഡറേഷനും നാല് റഷ്യന്‍ ക്ലബ്ബുകളും സമര്‍പ്പിച്ച അപ്പീലുകള്‍ കോടതി ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട് തള്ളിയിരുന്നു. 2022 മുതല്‍ 2024 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കുകയായിരുന്നു.

വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ വീണ്ടും നിയമസഹായം തേടിയിട്ടുണ്ട്. നവംബറില്‍ ആരംഭിക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പിലും റഷ്യയ്ക്ക് വിലക്കുണ്ട്. പ്ലേ ഓഫ് കളിച്ച് യോഗ്യത നേടിയ റഷ്യയ്ക്ക് വലിയ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്.

ഈ വര്‍ഷം നടന്ന വനിതാ യൂറോ ഫുട്‌ബോളില്‍ നിന്നും റഷ്യയെ പങ്കെടുപ്പിച്ചിരുന്നില്ല. നിലവില്‍ റഷ്യയുടെ ഫുട്‌ബോള്‍ ഭാവി തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ മാത്രമെ റഷ്യക്കിപ്പോള്‍ നിര്‍വാഹമുള്ളൂ.

അതേസമയം ബെലാറസ് റഷ്യയുടെ സൈനിക സഖ്യകക്ഷിയായതിനാല്‍ ടീമിനെ ടൂര്‍ണമെന്റില്‍ നിന്ന് നീക്കം ചെയ്യാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ജര്‍മ്മനിയാണ് യൂറോ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ 2024 യൂറോ കപ്പില്‍ ബെലാറസിനെ പങ്കെടുപ്പിക്കാനാണ് യുവേഫയുടെ തീരുമാനം.

ഒക്ടോബര്‍ ഒമ്പതിന് ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന യോഗ്യതാ നറുക്കെടുപ്പിനുള്ള നടപടിക്രമങ്ങള്‍ അംഗീകരിച്ച് ക്രൊയേഷ്യയിലെ ഹ്വാറില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് റഷ്യ ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് യുവേഫ സ്ഥിരീകരിച്ചു. ഫിഫയുടെ സസ്പെന്‍ഷന്‍ മരവിപ്പിക്കാനുള്ള റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ത്ഥന സി.എ.എസ് നേരത്തെ നിരസിച്ചിരുന്നു.

യൂറോ 2024 ന്റെ യോഗ്യതാ നറുക്കെടുപ്പ് ഒക്ടോബര്‍ ഒമ്പതിന് ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കും.

Content Highlight: Russia banned from Euro 2024 qualifying by UEFA

We use cookies to give you the best possible experience. Learn more