മോസ്‌കോ: ഉക്രേനിയന്‍ പ്രദേശമായ ഡൊനെറ്റ്‌സ്‌കില്‍ വന്‍ പ്രത്യാക്രമണം നടത്തിയെന്ന് അവകാശവാദവുമായി റഷ്യന്‍ സൈന്യം. 250 ഉക്രേനിയന്‍ സൈനികരെ കൊല്ലുകയും ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിക്കുകയും ചെയ്‌തെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ, ദക്ഷിണ ഡൊണെറ്റ്‌സ്‌ക് ദിശയില്‍ മുന്‍വശത്തെ അഞ്ച് സെക്ടറുകളില്‍ നിന്നും ഉക്രൈന്‍ വന്‍തോതിലുള്ള ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഡൊനെറ്റ്‌സ്‌കില്‍ തങ്ങളുടെ സൈന്യം ഉക്രേനിയന്‍ ആക്രമണം പരാജയപ്പെടുത്തിയതെന്നും റഷ്യന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, റഷ്യന്‍ ആക്രമണത്തെക്കുറിച്ച് ഉക്രൈനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ലുഹാന്‍സ്‌ക്, സപ്പോരിസിയ, കെര്‍സണ്‍ എന്നിവയ്ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യ പിടിച്ചെടുത്ത നാല് ഉക്രേനിയന്‍ പ്രദേശങ്ങളില്‍ ഒന്നാണ് ഡൊനെറ്റ്സ്‌ക്.
ലുഹാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക് പ്രദേശങ്ങളുടെ പൂര്‍ണമായ അധിനിവേശത്തില്‍ റഷ്യന്‍ സേന ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഉക്രൈനിലെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു. ഞായറാഴ്ച 23 തവണ റഷ്യന്‍ സേന ആക്രമണം നടത്തിയെന്നും എന്നാല്‍ അവയെല്ലാം ഉക്രൈന്‍ സേന പ്രതിരോധിച്ചെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
അതേസമയം, ഉക്രൈനാണ് ആദ്യം ആക്രമണം തുടങ്ങിയതെന്ന് റഷ്യ ആരോപിച്ചു. ആറ് യന്ത്രവല്‍കൃത ബറ്റാലിയനുകളും രണ്ട് ടാങ്ക് ബറ്റാലിയനുകളും ഉപയോഗിച്ചാണ് ഉക്രൈന്‍ ആക്രമണം നടത്തിയതെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
റഷ്യന്‍ അധീനതയിലുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉക്രൈന്‍ നീക്കം തകര്‍ത്തെന്നും, മേഖലയിലെ റഷ്യന്‍ പ്രതിരോധം തകര്‍ക്കാനുള്ള അവരുടെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിയെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.