|

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രണ്ടാം കൊവിഡ് വാക്‌സിന് അനുമതി നല്‍കി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ കൊവിഡ് വാക്‌സിനും അനുമതി നല്‍കി റഷ്യ. റഷ്യ അംഗീകരിച്ച ആദ്യ വാക്‌സീനായ സ്പുട്‌നിക് Vക്ക് പുറമെയാണിത്.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ വാക്‌സിനിന്‍ വികസിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനാണ് വാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തി കഴിഞ്ഞ ആദ്യ വാക്‌സിന്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടില്ല. രണ്ട് വാക്സിനുകളും നിര്‍മാണം വര്‍ധിപ്പിക്കണമെന്നും വിദേശരാജ്യങ്ങളുമായി സഹകരിക്കുകയും അവര്‍ക്കും വാക്സിന്‍ നല്‍കുമെന്നും പുടിന്‍ പറഞ്ഞു.

ഈ മാസം ആദ്യം തന്നെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കിയിരുന്നു. ‘എപിവാക് കൊറോണ’ എന്നാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് നല്‍കിയിരിക്കുന്ന പേര്.

അതേസമയം റഷ്യയുടെ ആദ്യ കൊവിഡ് വാക്സിനായ സ്പുട്നിക് v ല്‍ നിന്നും വ്യത്യസ്തമാണ് എപിവാക് കൊറോണയെന്നാണ് ഗവേഷകര്‍ പറയുന്നത്.

പരീക്ഷണത്തിന്റെ ഭാഗമായി ഓരോ വളന്റിയര്‍മാരിലും വാക്സിന്റെ രണ്ട് ഡോസുകള്‍ വീതം കുത്തിവെച്ചിരുന്നു. തുടര്‍ന്ന് ഇവരില്‍ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എബോളയുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് പ്രതിരോധ വാക്സിന്‍ വിജയകരമായി വികസിപ്പിച്ചെടുത്ത സ്ഥാപനമാണ് വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ കൊവിഡ് വാക്സിനായുള്ള ഗവേഷണങ്ങള്‍ ഇവിടെ തുടങ്ങിയിരുന്നു.

14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ 43 പേര്‍ക്കായിരുന്നു വാക്സിന്‍ നല്‍കിയത്. റഷ്യയുടെ ആദ്യ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് V പരീക്ഷിച്ച മനുഷ്യരില്‍ വിപരീതഫലങ്ങളൊന്നും കൂടാതെ തന്നെ ആന്റിബോഡി ഉത്പാദിപ്പിച്ചതായി മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് പഠനറിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ വാക്‌സിന്‍ 76 പേരിലായിരുന്നു പരീക്ഷിച്ചത്. സ്പുടിനിക് v പ്രയോഗിച്ചവരിലെല്ലാം 21 ദിവസത്തിനുള്ളില്‍ ആന്റിബോഡി ഉത്പാദിക്കപ്പെട്ടിരുന്നു. ആര്‍ക്കും തന്നെ ശാരീരികപ്രശ്‌നങ്ങളോ വിപരീതഫലങ്ങളോ രൂപപ്പെട്ടിരുന്നില്ല.

ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു റഷ്യ പുതിയ വാക്‌സിന് അംഗീകാരം നല്‍കിയത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിനായിരുന്നു റഷ്യയുടെ സ്പുടിനിക് v.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ മകളിലടക്കം ഈ വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുത്തിവെക്കുകയും ചെയ്തിരുന്നു. വളരെ ധൃതിപ്പിടിച്ച് മനുഷ്യരില്‍ കൊവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോക ആരോഗ്യ സംഘടനയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം റഷ്യയുടെ ആദ്യ വാക്‌സീനായ സ്പുട്നിക് Vയുടെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനു വേണ്ടി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിതരണക്കാരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കഴിഞ്ഞദിവസം കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Russia As It Approves Second Vaccine